kasaragod local

ട്രോളിങ് നിരോധനം 14 മുതല്‍; നിരീക്ഷണം ശക്തമാക്കും



കാസര്‍കോട്്: മല്‍സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി കേരളത്തിന്റെ തീരങ്ങളില്‍  14ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31ന് അര്‍ധ രാത്രി വരെ ട്രോളിങ് മുഖേനയുള്ള എല്ലാതരം മല്‍സ്യബന്ധനങ്ങളും നിരോധിച്ചു. ജില്ലയില്‍ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് എഡിഎം കെ അംബുജാക്ഷന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സുരക്ഷാനടപടികളും മല്‍സ്യത്തൊഴിലാളികളുടെ ക്ഷേമങ്ങളും ചര്‍ച്ച ചെയ്തു. ജില്ലയിലാകെ 162 യന്ത്രവല്‍കൃത ബോട്ടുകളും 2015 യന്ത്രവല്‍ക്കൃത വള്ളങ്ങളും 96 യന്ത്രം ഘടിപ്പിച്ചിട്ടില്ലാത്ത വള്ളങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി അനില്‍കുമാര്‍ പറഞ്ഞു.മണ്‍സൂണ്‍ കാലത്ത് മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ വച്ചുണ്ടാവുന്ന അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി കാര്യാലയത്തില്‍ മെയ് 15 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം മുഖേന മല്‍സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കും. അപകടത്തില്‍പെടുന്ന മല്‍സ്യത്തൊഴിലാളികളെ സഹായിക്കുന്നതിന് യഥാസമയം ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിന്  വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലിസിന്റെ സഹായവും ലഭിക്കും. ട്രോളിങ് നിരോധന കാലയളവില്‍ കടല്‍ പട്രോളിങ് നടത്തുന്നതിനും അപകടങ്ങളില്‍ രക്ഷാസംവിധാനം ഏര്‍പ്പെടുത്തുന്നതിനുമായി ഒരു യന്ത്രവല്‍കൃത ബോട്ട്, ഒരുയന്ത്രവല്‍കൃത ഫൈബര്‍വള്ളം എന്നിവ തയ്യാറാക്കി നിര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. ദിവസ വാടക അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന യാനങ്ങളിലെ സ്ഥിരം ജോലിക്കാര്‍ക്ക് പുറമെ പരിശീലനം ലഭിച്ച മല്‍സ്യത്തൊഴിലാളികളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെ സേവനവും ഉറപ്പുവരുത്തുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. ട്രോളിങ് നിരോധന കാലയളവില്‍ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യറേഷന്‍ ഉള്‍പ്പെടെയുള്ള സഹായം ലഭ്യമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. ഫിഷറീസ് അസി. ഡയറക്ടര്‍ പി വി സതീശന്‍, മല്‍സ്യത്തൊഴിലാളി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it