kasaragod local

ട്രോളിങ് നിരോധനം: ജില്ലാതല അവലോകന യോഗം ചേര്‍ന്നു

കാസര്‍കോട്്്: നാളെ അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന മണ്‍സൂണ്‍കാല ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എഡിഎം എന്‍ ദേവീദാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. സംസ്ഥാനത്തിന്റെ സമുദ്രഭാഗത്തെ 12 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിയിലാണ് ജൂലൈ 31 അര്‍ധരാത്രിവരെ ട്രോളിങ് നിരോധനം നടപ്പാക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തില്‍ നിന്നു വ്യത്യസ്തമായി അഞ്ചു ദിവസം വര്‍ധിപ്പിച്ച് 52 ദിവസമാണ് ട്രോളിങ് നിരോധന കാലയളവ്. ഇക്കാലയളവില്‍ ഇന്‍ബോര്‍ഡ്, പരമ്പരാഗത വള്ളങ്ങള്‍ക്കു മല്‍സ്യ ബന്ധനത്തിനു തടസമില്ല. എന്നാല്‍ ഇന്‍ബോര്‍ഡ്— വള്ളങ്ങള്‍ക്കൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമേ കൊണ്ടു പോകുവാന്‍ അനുവാദമുള്ളു. ഇക്കാര്യത്തില്‍ ഫിഷറീസ് വകുപ്പിന്റെ കര്‍ശന പരിശോധന ഉണ്ടാകും. കാരിയര്‍ വള്ളത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അതാത് ഫിഷറീസ് ഓഫിസുകളില്‍ ഉടമകള്‍ അറിയിക്കണം.
കടലില്‍ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ നിര്‍ബന്ധമായും ബയോമെട്രിക് ഐഡി കാര്‍ഡ് കൈയില്‍ കരുതണം. മല്‍സ്യബന്ധത്തിനു പോകുന്ന യാനങ്ങള്‍ക്ക് സുരക്ഷയ്ക്കായി ഒരു റെസ്‌ക്യു ബോട്ടും വള്ളവും ഉണ്ടാകും. ആറു സുരക്ഷാ ഭടന്മാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ മടക്കരയില്‍ ഒരു ഡീസല്‍ബങ്ക് മാത്രമാകും ഇക്കാലയളവില്‍ പ്രവര്‍ത്തിക്കുക.
കാലവര്‍ഷമായതിനാല്‍ മല്‍സ്യബന്ധന സമയത്ത് തൊഴിലാളികള്‍ ലൈഫ് ജാക്കറ്റ് നിര്‍ബന്ധമായും കരുതണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍ അറിയിച്ചു. ട്രോളിങ് കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കും സൗജന്യറേഷന്‍ അനുവദിക്കും.  യോഗത്തില്‍ ആര്‍ഡിഒ പി അബ്ദുസ്സമദ്, ഫിഷറീസ് അസി.ഡയറക്ടര്‍ പി വി സതീശന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it