malappuram local

ട്രോളിങ് നിരോധനം ഒരാഴ്ചയ്ക്കകം



പൊന്നാനി: ട്രോളിങ് നിരോധനം ഒരാഴ്ചയ്ക്കകം നടപ്പാക്കും. നിരോധനത്തിന് ഒരാഴ്ച ബാക്കിനില്‍ക്കെ മല്‍സ്യത്തിന് പൊന്നുവില. ബീഫിന് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയതോടെ കോഴിയിറച്ചിയുടെ വിലയും കുതിച്ചുയരുകയാണ്. സാധാരണക്കാരുടെ ഇഷ്ട മീനായ മത്തിക്ക് 160 രൂപ മുതലാണ് വില. അയലയ്ക്ക് കഴിഞ്ഞ ദിവസം ചില്ലറ വിപണിയില്‍ ഒരു കിലോയ്ക്ക് 200 രൂപയിലധികമായിരുന്നു വില. വലിപ്പമുള്ള കിളിമീന് 300 രൂപയായിരുന്നുവെങ്കില്‍ വറ്റയ്ക്ക് 400 രൂപയിലധികമായി വില. കടലില്‍ മീന്‍ കുറവാണെന്നും കനത്ത കാറ്റ് കാരണം മല്‍സ്യബന്ധനത്തിന് പോവാന്‍ കഴിയുന്നില്ലെന്നുമാണ് മീന്‍പിടിത്തക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം പൊന്നാനിയില്‍ നിന്ന് മല്‍സ്യബന്ധനത്തിനു പോയവര്‍ കാറ്റ് ശക്തമായതോടെ വലയെറിയാനാവാതെ മടങ്ങി. വന്‍തോതില്‍ മത്തിക്കൂട്ടം കണ്ട് വലയെറിയാന്‍ ഒരുങ്ങവെയാണ് കാറ്റ് കനത്തത്. വെറും കൈയോടെ തിരിച്ചതിനാല്‍ പുറംകടലില്‍ ഏറെ ദൂരം പോയതിന്റെ ഇന്ധനച്ചെലവും പാഴായി. പൊള്ളുന്ന മീന്‍ വില ഭയന്ന് മാംസം വാങ്ങാമെന്ന് കരുതിയാല്‍ അവിടെ അതിനേക്കാള്‍ മോശമാണ് കാര്യങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ കന്നുകാലി വില്‍പ്പന നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ബീഫിന് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി. കേരള സര്‍ക്കാര്‍ നിരോധനം നടപ്പാക്കിയിട്ടില്ലെങ്കിലും ഇതര സംസ്ഥാനങ്ങളില്‍നിന്ന് കന്നുകാലികളുമായി ലോഡ് വരുന്നില്ല. ഇപ്പോള്‍ കുറച്ചെങ്കിലും ലഭ്യമാവുന്ന നാടന്‍ കന്നുകാലികളെയാണ് അറുക്കുന്നതെന്നും ഇത് ഏറെ നാളേത്തേക്കൊന്നും ലഭ്യമാവില്ലെന്നും ജില്ലയിലെ  ഇറച്ചിക്കച്ചവടക്കാര്‍ പറയുന്നു. നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ബീഫിന് വില വര്‍ധിച്ചിട്ടുമുണ്ട്. ബീഫ് നിരോധം കൂടിയായതോടെ കോഴിയിറച്ചി വിലയും കുതിച്ചുയര്‍ന്നു. ജീവനുള്ള കോഴിയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 140 രൂപയില്‍ കൂടുതലാണ്. കോഴിയിറച്ചി കിലോയ്ക്ക് 280ന് മുകളിലാണ് വില.
Next Story

RELATED STORIES

Share it