ernakulam local

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍



വൈപ്പിന്‍: കേരളതീരത്ത്  ഇന്ന് അര്‍ധരാത്രിമുതല്‍ 47 ദിവസത്തേക്ക് ട്രോളിങ് നിരോധനം നിലവില്‍ വരുന്നതിന് മുന്നോടിയായി ജില്ലയിലെ പ്രധാന ഹാര്‍ബറുകളായ മുരിക്കുംപ്പാടം, മുനമ്പം, തോപ്പുംപ്പടി, കാളമുക്ക് തുടങ്ങിയ മല്‍സ്യബന്ധനമേഖലയിലെ ബോട്ടുകള്‍ ഭൂരിഭാഗവും തീരമണഞ്ഞു തുടങ്ങി. ബാക്കിയുള്ളവ ഇന്ന് തീരത്തെത്തും. മല്‍സ്യ ബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചുണ്ടായ അപകടത്തെതുടര്‍ന്ന് കാളമുക്ക് മുരുക്കും പാടം ഭാഗത്ത് നിന്ന് മല്‍സ്യ ബന്ധനത്തിന് പോകുന്ന നൂറിലധികം ബോട്ടുകള്‍ ഞായറാഴ്ച തന്നെ തീരമണഞ്ഞിരുന്നു. കടലില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെടുന്ന ബാക്കി ബോട്ടുകള്‍ ഇന്ന് രാത്രിക്കു മുമ്പായി കരക്കെത്തും. ബോട്ടുകള്‍ തീരത്തടുക്കുന്നതോടെ ഈ മേഖലയിലെ ആയിരത്തിലധികം ബോട്ടുകള്‍ക്ക് ഒന്നരമാസം വിശ്രമമാകും. നിരോധനം പ്രാബല്യത്തിലാവുന്നതോടെ ഇനി 47 ദിവസങ്ങള്‍ക്കുശേഷമേ ബോട്ടുകള്‍ കടലിലിറങ്ങുകയുള്ളൂ. ട്രോളിങ് നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ അനുബന്ധമേഖലകളും നിശ്ചലമാകും. ബോട്ടുകളുടെ അറ്റകുറ്റപണികളും, പെയിന്റിങുമെല്ലാം ഈ സമയത്താണ് തീര്‍ക്കുക. കനത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പല ബോട്ടുടമകളും കടക്കെണിയിലാണ്. ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന്റെ അവിഭാജ്യ ഘടകമായ തമിഴ് നാട്ടിലെ കുളച്ചലില്‍ നിന്നുളള തൊഴിലാളികള്‍ ഭൂരിഭാഗവും നാട്ടിലേക്ക്് മടങ്ങാനുളള തയ്യാറെടുപ്പിലാണ്. ട്രേളിങ് നിരോധനം അവസാനിക്കുന്നതിനു തോട്ടു മുന്‍പ്് മാത്രമേ ഇവര്‍ തിരിച്ചെത്തുകയുള്ളൂ.അതേസമയം ട്രോളിങ് നിരോധനം നിലവില്‍ വരുന്നതോടെ മല്‍സ്യബന്ധനബോട്ടുകള്‍ നിയമം ലംഘിച്ച് കടലില്‍ ഇറങ്ങുന്നതു തടയാന്‍ കടലിലും കരയിലും അധികൃതര്‍ വന്‍ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന്‍ പരിധിയില്‍  മൂന്നു പട്രോളിങ് ബോട്ടുകളാണ്  സജ്ജമായിരിക്കുന്നത്. രണ്ടെണ്ണം വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന്‍  കേന്ദ്രീകരിച്ചും ഒരെണ്ണം മുനമ്പം അഴിമുഖം കേന്ദ്രീകരിച്ചുമാണ് പട്രോളിങ് നടത്തുക. കൂടാതെ കോസ്റ്റല്‍ പോലിസും ജാഗ്രതപാലിക്കും.
Next Story

RELATED STORIES

Share it