kozhikode local

ട്രേഡ്‌യൂനിയനുകള്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ല: ഓട്ടോ തൊഴിലാളി



കോഴിക്കോട്: ഓട്ടോ ഓടിക്കുന്നതിന് തൊഴിലാളിക്ക് ട്രേഡ് യൂനിയനുകളുടെ വിലക്ക്. വെള്ളിമാട്കുന്ന് വാപ്പോളിതാഴത്ത് താമസിക്കുന്ന ആഷിഖിനാണ് ഓട്ടോതൊഴിലാളി യൂനിയനുകള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ആഷിഖും കുടുംബവും ദുരിതത്തിലാണ്.15 വര്‍ഷമായി ആഷിഖിന്റെ കുടുംബം വെള്ളിമാടുകുന്നാണ് താമസിക്കുന്നത്. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ആഷിഖ് കുറച്ചു മാസം മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ബാങ്ക് വായ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങി. വായ്പാ ഇനത്തില്‍ മാസത്തില്‍ 7000 രൂപ ബാങ്കില്‍ അടയ്ക്കണം. ഓയില്‍ മാറ്റുന്നതിനായും മാസം 1000 രൂപ വേണ്ടിവരും. ഭാര്യയുടെയും മകന്റെയും ചികില്‍സയ്ക്കും ജീവിക്കാനുമായി വേറെയും പണം കണ്ടെത്തണം. വെള്ളിമാടുകുന്ന് ഓട്ടോ സ്റ്റാന്റില്‍ എത്തിയപ്പോഴാണ് ഓട്ടോ ഓടിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് തൊഴിലാളികള്‍ രംഗത്തെത്തിയത്. വെള്ളിമാട്കുന്ന് ഓട്ടോസ്റ്റാന്റില്‍ ഓട്ടോയിടാന്‍ അനുവദിക്കണമെന്ന് രേഖാമൂലം യൂനിയനുകള്‍ക്ക് അപേക്ഷ നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ്, നിര്‍മലാ ഹോസ്പിറ്റല്‍ പരിസരം എന്നിവിടങ്ങളില്‍ ഓട്ടോയുമായി എത്തിയെങ്കിലും അവിടേയും യൂനിയനുകള്‍ വിലക്കി. പിന്നീട് സ്വതന്ത്രമായി ലോ കോളജിനു മുന്നില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയപ്പോള്‍ യൂനിയനിലെ തൊഴിലാളികള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും ആഷിഖ് പറഞ്ഞു. ഈ സംഭവത്തെ തുടര്‍ന്നു പോലിസില്‍ പരാതി നല്‍കി. ഓട്ടോ ഓടിക്കാന്‍ പോലിസ് അനുമതി നല്‍കിയെങ്കിലും ഓട്ടോതൊഴിലാളികള്‍ ഇതിനെതിരേ രംഗത്തെത്തി. ഇതോടെ പോലിസും വിഷയത്തില്‍ ഇടപെടാതെ ഒഴിഞ്ഞുമാറി. ഈ സംഭവങ്ങള്‍ക്കു ശേഷം റോഡില്‍ സ്വതന്ത്രമായി ഓട്ടോ ഓടിക്കുന്നതിനെതിരേ ബസ്സുകാരും പ്രതിഷേധവുമായെത്തി. മെഡിക്കല്‍കോളജ്- വെള്ളിമാട്കുന്ന് റോഡില്‍ ഓടുന്ന ബസ് തൊഴിലാളികള്‍ ഓട്ടോയില്‍ ആളെ കയറ്റിയതിനു കൈയേറ്റം ചെയ്തു. രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ വിഷയത്തില്‍ ഇടപെട്ടെങ്കിലും ഓട്ടോ ഓടിക്കാന്‍ അനുവദിക്കില്ലെന്നാണ് തൊഴിലാളി യൂനിയന്‍ നേതാക്കള്‍ പറയുന്നത്.വെള്ളയില്‍ നിന്നുമെത്തിയ ആളാണെന്നും അതിനാല്‍ ഇവിടെ ഓട്ടോ ഓടിക്കാന്‍ അനുവദിക്കില്ലെന്നുമാണ് ഇവര്‍ പറയുന്നത്. പ്രദേശത്തെ സാംസ്—കാരിക സംഘടനയായ റെഡ് യങ്‌സ് ഭാരവാഹികള്‍ ഓട്ടോ യൂനിയനുകളുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.അതേസമയം ഓട്ടോതൊഴിലാളി യൂനിയനുകളെ പിണക്കേണ്ടെന്ന നിലപാടിലാണ് ട്രാഫിക് പോലിസ്. ഓട്ടോതൊഴിലാളി യൂനിയനുകള്‍ക്ക് അനുകൂലമായ നിലപാടാണ് ഈ വിഷയത്തില്‍ പോലിസ് സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രി, ആര്‍ടിഒ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് ആഷിഖ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിവിക്ചന്ദ്രന്‍, ബൈജു മേരിക്കുന്ന്, ഷാജഹാന്‍ ഈസ്റ്റ് വെള്ളിമാട്കുന്ന്, ആഷിഖിന്റെ ഭാര്യ നസീദ, പങ്കെടുത്തു.
Next Story

RELATED STORIES

Share it