ട്രെയിന്‍ യാത്രയ്ക്കിടെ 40 പവന്‍ നഷ്ടപ്പെട്ടു

ചെങ്ങന്നൂര്‍: രാജസ്ഥാന്‍ സിക്കറില്‍ നിന്നു നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികളുടെ 40 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടു. ചെങ്ങന്നൂര്‍ തിട്ടമേല്‍ അരമന റോഡില്‍ ഗുരുസദനം വീട്ടില്‍ ബിജു ഗോപിനാഥ് (41), ഭാര്യ സ്മിത (37), മക്കളായ കൃഷ്ണ (12), ഭാഗ്യശ്രീ(8) എന്നിവരുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ദമ്പതികള്‍ ചെങ്ങന്നൂര്‍ പോലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
കഴിഞ്ഞ 27ന് സിക്കറില്‍ നിന്ന് ബസ്സില്‍ യാത്ര തിരിച്ച ദമ്പതികള്‍ ജയ്പൂരിലും അവിടെനിന്ന് ട്രെയിന്‍ മാര്‍ഗം ആഗ്രയിലും എത്തി. തുടര്‍ന്ന് 28ന് കേരള എക്‌സപ്രസ്സില്‍ ചെങ്ങന്നൂരിലേക്ക് യാത്രതിരിച്ചു. ട്രെയിനില്‍ തേര്‍ഡ് എസി കമ്പാര്‍ട്ട്‌മെന്റില്‍ മുകളിലേയും നടുവിലേയും ബര്‍ത്താണ് ഇവര്‍ക്ക് ലഭിച്ചത്. താഴത്തെ ബര്‍ത്തിനടിയില്‍ ആഭരണങ്ങള്‍ വച്ചിരുന്ന പെട്ടി താഴിട്ടു പൂട്ടിയശേഷം ബര്‍ത്തിന്റെ കാലിനോട് ചേര്‍ത്ത് ചങ്ങലയിട്ട് ബന്ധിച്ചിരുന്നു.
ഒരു മലയാളി കുടുംബവും തമിഴ്‌നാട് സ്വദേശിയും ഉത്തരേന്ത്യന്‍ സ്വദേശിയുമാണ് ഈ കൂപ്പയില്‍ ഉണ്ടായിരുന്നത്. പിന്നീട് ഉത്തരേന്ത്യന്‍ സ്വദേശിയുടെ സുഹൃത്ത് കമ്പാര്‍ട്ടുമെന്റില്‍ എത്തി. ടിക്കറ്റ് കണ്‍ഫേം അല്ലാത്തതിനാല്‍ നിലത്ത് ഷീറ്റ് വിരിച്ച് കിടക്കുകയായിരുന്നു. പെട്ടിക്ക് സമീപമാണ് ഇയാള്‍ കിടന്നിരുന്നത്. രാത്രിയില്‍ ഭോപ്പാലില്‍ നിന്നു കേന്ദ്ര സേനയുടെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ 40 പേരടങ്ങുന്ന സംഘവും ഇതേ കമ്പാര്‍ട്ടുമെന്റില്‍ കയറി. 30ന് വെളുപ്പിന് കോയമ്പത്തൂരില്‍ ഇവര്‍ ഇറങ്ങുന്നതുവരെ ഇവരില്‍ ചിലരുടെ തോക്ക് പെട്ടിയുടെ മുകളിലാണ് വച്ചിരുന്നത്.
30ന് ഉച്ചയ്ക്ക് വീട്ടിലെത്തിയശേഷം മൂന്നുമണിയോടെ പെട്ടി തുറന്നു പരിശോധിച്ചപ്പോഴാണ് സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ട്രെയിനിലാണ് മോഷണം നടന്നതെന്ന് മനസ്സിലായതോടെ ഇവര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. വലിയമാല, താലിമാല, കമ്മല്‍, ലോക്കറ്റ്, കൊലുസ്സ്, ആറ് വളകള്‍, കുട്ടികളുടെ രണ്ട് മാലകള്‍, കൈചെയിന്‍, നെക്‌ലേസ് തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. ഈ ആഭരണങ്ങള്‍ക്ക് 12 ലക്ഷത്തിലേറെ രൂപ വിലവരും. സിക്കറില്‍ മോഡി സര്‍വകലാശാലയില്‍ ജീവനക്കാരനാണ് ബിജു. സ്മിത ഇവിടെ ഗവ. ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്.
Next Story

RELATED STORIES

Share it