ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ വീട്ടമ്മ മരിച്ചനിലയില്‍

ചേലക്കര(തൃശൂര്‍): മുംബൈയില്‍നിന്ന് ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍നിന്നു കാണാതായ വീട്ടമ്മയുടെ മൃതദേഹം ഉഡുപ്പിയില്‍ കണ്ടെത്തി. കിള്ളിമംഗലം കരുവാരില്‍ ശ്രീധരന്‍-രാധാമണി ദമ്പതികളുടെ മകളും ഒറ്റപ്പാലം വരോട് സ്വദേശി മുരളീധരന്റെ ഭാര്യയുമായ അജിത(40)യാണു മരിച്ചത്. ഉഡുപ്പി സ്റ്റേഷനില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെ ബ്രഹ്മപുരം പോലിസ്‌സ്റ്റേഷന്‍ പരിധിയിലെ വാര്‍ക്കറിലെ റെയില്‍വേ ട്രാക്കിലായിരുന്നു മൃതദേഹം. കഴുത്തില്‍ ഷാള്‍ കുരുക്കിയ നിലയിലാണ്. മൃതദേഹത്തില്‍നിന്ന് ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അപകടമരണമാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. 15 വര്‍ഷമായി മുംബൈയില്‍ ജോലി ചെയ്തുവന്ന ഇവര്‍ കുടുംബവുമൊത്ത് അവിടെയാണു താമസം. അവധിക്കാലമായതിനാല്‍ നാട്ടിലേക്കു വരുകയായിരുന്നു.
ഇക്കഴിഞ്ഞ എട്ടിനാണു പുറപ്പെട്ടത്. മുംബൈ കല്യാണ്‍ സ്റ്റേഷനില്‍നിന്ന് മംഗള എക്‌സ്പ്രസില്‍ അജിത എസി കംപാര്‍ട്ട്‌മെന്റില്‍ ഷൊര്‍ണൂരിലേക്കാണ് യാത്ര തിരിച്ചത്. രാത്രി ഒമ്പതോടെ മഡ്ഗാവ് സ്റ്റേഷനിലെത്തി ഭക്ഷണം കഴിച്ചശേഷം മൂവരും ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ 2.30ഓടെ ട്രെയിന്‍ പയ്യന്നൂരില്‍ എത്തിയപ്പോഴാണ് താഴെ ബെര്‍ത്തില്‍ ഉറങ്ങിയിരുന്ന അജിതയുടെ അസാന്നിധ്യം മുരളീധരന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇവരുടെ ബാഗും മൊബൈലും അടക്കമുള്ള വസ്തുക്കള്‍ സീറ്റില്‍ തന്നെ ഉണ്ടായിരുന്നു. ഉടന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ വിവരമറിയിച്ചു.
പാലക്കാട് റെയില്‍വേ ഡിവൈഎസ്പി സെയ്താലിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍, കാസര്‍കോട്, മഡ്ഗാവ്, മുബൈ കല്യാണ്‍ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിവരുകയായിരുന്നു. പ്രദേശവാസിയായ ഒരാളാണ് ഇന്നലെ പുലര്‍ച്ചെ മൃതദേഹം കണ്ടവിവരം റെയില്‍വേ പോലിസിനെ അറിയിച്ചത്. ബ്രഹ്മപുരം പോലിസ് വിവരം നല്‍കിയതിനെ തുടര്‍ന്ന് കണ്ണൂര്‍ റെയില്‍വേ പോലിസ് സിഐ ബി സന്തോഷ്, എസ്‌ഐ ഷാജി പട്ടേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉഡുപ്പിയിലെത്തി. അജിതയുടെ ഭര്‍ത്താവും സഹോദരനും ഉള്‍പ്പെടെയുള്ള ബന്ധുക്കളും എത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it