kasaragod local

ട്രെയിന്‍ യാത്രക്കാര്‍ക്ക് നോമ്പ് തുറ വിഭവങ്ങള്‍ നല്‍കി ജുമാമസ്ജിദ് കമ്മിറ്റി 27ാം വര്‍ഷത്തിലേക്ക്



കാസര്‍കോട്: ട്രെയിന്‍ യാത്രക്കാര്‍ക്ക് നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കി തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി 27ാം വര്‍ഷത്തിലേക്ക്. 1990ല്‍ തെരുവത്തെ ഏതാനും യുവാക്കളുടെ നേതൃത്വത്തില്‍ നോമ്പുകാരായ ട്രെയിന്‍ യാത്രക്കാരുടെ ദുരിതം മനസ്സിലാക്കിയാണ് നോമ്പ് തുറ കിറ്റ് നല്‍കി തുടങ്ങിയത്. വൈകീട്ട് നാല് മുതല്‍ കിറ്റ് വിതരണം തുടങ്ങും. ആപ്പിള്‍, മുന്തിരി, ഓറഞ്ച്, തണ്ണി മത്ത ന്‍ തുടങ്ങിയവ കഷ്ണങ്ങളാക്കിയും കൂടെ ഈത്തപ്പഴവും സമൂസയും നാരങ്ങാവെള്ളവും കഞ്ഞിയും അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യുന്നത്. നിത്യേന 150ഓളം കിറ്റുകളാണ് ഇങ്ങനെ വിതരണം ചെയ്യുന്നത്. വൈകിട്ട് നാലോടെ ട്രെയിന്‍ യാത്രക്കാര്‍ പള്ളിക്ക് അടുത്തുള്ള ഹാളിലെത്തി കിറ്റുകള്‍ വാങ്ങി പോവും. കിറ്റിനുള്ള സാമ്പത്തിക ചെലവ് കമ്മിറ്റി തന്നെ വഹിക്കുന്നു. നാട്ടിലും ഗള്‍ഫിലുമുള്ളവര്‍ സഹായമായി മുന്നോട്ട് വരാറുണ്ട്. പള്ളിഹാളില്‍ തന്നെ നോമ്പുതുറക്കായി നിരവധി പേരും എത്തുന്നുണ്ട്. ഇവര്‍ക്ക് ആവശ്യമായ വിഭവങ്ങളും പ്രദേശവാസികളാണ് ഒരുക്കുന്നത്. പ്രതിഫലം ആഗ്രഹിക്കാതെയുള്ള പ്രവര്‍ത്തനമാണ് തങ്ങള്‍ നടത്തുന്നതെന്ന് നേതൃത്വം നല്‍കുന്ന കെ എച്ച് അഷ്‌റഫ് തേജസിനോട് പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ സാധനങ്ങള്‍ക്ക് ഇരട്ടി വിലയായതോടെ ചെലവ് കൂടിയിട്ടുണ്ട്. ഇതിന് പുറമേ കഴിഞ്ഞ അരനൂറ്റാണ്ടായി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഞ്ഞി വിതരണം നടന്നുവരുന്നുണ്ട്. തേങ്ങപ്പാലും ജീരകവും കലര്‍ത്തിയുള്ള കഞ്ഞിയാണ് വിതരണം ചെയ്യുന്നത്.  നിത്യേന 200 ഓളം പേര്‍ക്കാണ് കഞ്ഞി വിതരണം ചെയ്യുന്നത്. എല്ലാ ദിവസവും  ഹൈദ്രോസ് ജുമാമസ്ജിദില്‍ രാത്രികാലത്ത് സ്വലാത്ത് മജ്‌ലിസും നടക്കുന്നുണ്ട്. ഇതിന് എത്തുന്നവര്‍ക്കും ലഘുഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it