kasaragod local

ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് ഇനി പണം ലഭിക്കില്ല

കാഞ്ഞങ്ങാട്: യാത്ര ചെയ്യാത്ത ടിക്കറ്റിന്റെ പണം തിരികെ നല്‍കുന്ന രീതി റെയില്‍വേ അവസാനിപ്പിച്ചു. ട്രെയിന്‍ പുറപ്പെട്ട ശേഷം ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് ഇനി നിശ്ചിത ശതമാനം തുക തിരിച്ച് ലഭിക്കില്ല.
ട്രെയിന്‍ പുറപ്പെട്ട് രണ്ട് ദിവസം വരെ ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം വരെ തിരികെ ലഭച്ചിരുന്ന സ്ഥാനത്താണിത്. റെയില്‍വേ ബജറ്റിന് മുന്നോടിയായുള്ള നിരക്ക് വര്‍ധനവിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് യാത്രക്കാരുടെ ആക്ഷേപം. റിസര്‍വ് ചെയ്തതും അല്ലാത്തതുമായ ടിക്കറ്റുകളുടെ കാന്‍സലേഷന്‍ നിരക്ക് രണ്ടിരട്ടി വരെ വര്‍ധിപ്പിച്ചാണ് റെയില്‍വേയുടെ ചൂഷണം.
റെയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോഴാണ് പാര്‍ലമെന്റ് ചര്‍ച്ച പോലും ഇല്ലാതെയുള്ള നിരക്ക് വര്‍ധന. ഏറ്റവും കൂടുതല്‍ യാത്രികര്‍ ആശ്രയിക്കുന്ന സ്ലീപ്പര്‍ ടിക്കറ്റ് കാന്‍സലേഷന്‍ നിരക്കിലാണ് ഏറ്റവും വര്‍ധന.
രണ്ട് വര്‍ഷം മുമ്പ് വരെ 20 രൂപയായിരുന്ന സ്ലീപ്പര്‍ ടിക്കറ്റ് കാന്‍സലേഷന് 120 രൂപയാണ് പുതിയ നിരക്ക്. ട്രെയിന്‍ പുറപ്പെടുന്നതിന്റെ 48 മണിക്കൂര്‍ മുമ്പ് കാന്‍സല്‍ ചെയ്യുന്ന സ്ലീപ്പര്‍ ടിക്കറ്റുകള്‍ക്ക് ഒരു യാത്രികനില്‍ നിന്ന് 120 രൂപ ഈടാക്കുന്നത്. റിസര്‍വേഷന്‍ ഇല്ലാത്ത സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് 30 രൂപയും ആര്‍എസി, വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ക്ക് 60 രൂപയും ക്ലര്‍ക്കേജ് ലെവിയായി നല്‍കണം.
ടിക്കറ്റ് അനുവദിച്ച് മൂന്ന് മണിക്കൂറിനുള്ളിലോ ട്രെയിന്‍ പുറപ്പെടുന്നതിന്റെ 24 മണിക്കൂര്‍ മുമ്പോ കാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇത്രയും തുക ഈടാക്കുന്നത്. എസി എക്‌സിക്യൂട്ടീവിന് 240, എസി ഫസ്റ്റ് ക്ലാസിന് 200, മൂന്നാം ക്ലാസ് എ.സി, ചെയര്‍ കാര്‍ എന്നിവക്ക് 180, സെക്കന്‍ഡ് ക്ലാസിന് 60 എന്നിങ്ങനെയാണ് മറ്റ് നിരക്കുകള്‍.
കഴിഞ്ഞ നവംബര്‍ 12 വരെ നേര്‍ പകുതിയായിരുന്നു ഈ നിരക്കുകള്‍. ട്രെയിന്‍ പുറപ്പെടുന്നതിന്റെ 48 മണിക്കൂറിനും 12 മണിക്കൂറിനും ഇടയില്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നവര്‍ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനവും 12 മണിക്കൂറിനും നാല് മണിക്കൂറിനും ഇടയില്‍ കാന്‍സല്‍ ചെയ്യുന്നവര്‍ 50 ശതമാനവും നല്‍കണം. ഈ സമയ പരിധിക്ക് ശേഷം കാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പണം തിരികെ ലഭിക്കില്ല.
നേരത്തേ ട്രെയിന്‍ പോയി കഴിഞ്ഞ് രണ്ട് ദിവസം വരെ 50 ശതമാനം വരെ തുക തിരികെ ലഭിച്ചിരുന്ന സ്ഥാനത്താണിത്. ജനങ്ങളുടെ പ്രതിഷേധം ഭയന്ന് നിരക്ക് മാറ്റവും വര്‍ധനവും പരസ്യമായി പ്രഖ്യാപിക്കാതെ റെയില്‍വേ ബജറ്റിന് മുന്നോടിയായി ആരുമറിയാതെ രഹസ്യമായുള്ള നിരക്ക് വര്‍ധനയാണ് ഏര്‍പ്പെടുത്തുന്നത്.
യാതൊരുവിധ അറിയിപ്പുമില്ലാതെയുള്ള ഇത്തരം വര്‍ധനവിനെതിരെ ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനാവില്ല എന്നതാണ് ഈ രീതി അവലംബിക്കാന്‍ റെയില്‍വേയെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ജുലൈ ഒന്നു മുതല്‍ ടിക്കറ്റ് നിരക്കിലും ചരക്ക് കൂലിയിലും മറ്റും വര്‍ധന വരുത്തിയിരുന്നു.
Next Story

RELATED STORIES

Share it