kannur local

ട്രെയിനുകളില്‍ ടിടിഇമാരുടെ ചൂഷണം തുടരുന്നു



കണ്ണൂര്‍: വേനലവധി വന്നതോടെ ട്രെയിനുകളില്‍ കനത്ത തിരക്ക് തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഇതരസംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ ഇതുമൂലം കടുത്ത ദുരിതത്തിലാണ്. റിസര്‍വേഷന്‍ ടിക്കറ്റെടുത്ത് കണ്‍ഫോം ആവാതെ ആര്‍എസി, വെയ്റ്റിങ് ലിസ്റ്റ് തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്നവരെ മറയാക്കി പകല്‍ക്കൊള്ള നടത്തുകയാണ് ടിടിഇമാര്‍. ട്രെയിന്‍ പുറപ്പെട്ടതിനു ശേഷം ബര്‍ത്തുകള്‍ ഒഴിവുവരുന്ന മുറയ്ക്ക് ഇത് ആര്‍എസിടിക്കറ്റുള്ളവര്‍ക്കു നല്‍കണമെന്നാണ് ചട്ടം. ആര്‍എസിടിക്കറ്റുകള്‍ പൂര്‍ണമായും ഒഴിവായ ശേഷം പിന്നീട് വരുന്ന ഒഴിവുകള്‍ വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്കും മുന്‍ഗണനാ അടിസ്ഥാനത്തി ല്‍ നല്‍കണം. എന്നാല്‍ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി വരുന്നവരെ സ്ലീപ്പര്‍ ക്ലാസില്‍ കയറാന്‍ പോലും പല ടിടിഇമാരും അനുവദിക്കുന്നില്ല. ഇവരെ തിങ്ങിഞെരുങ്ങുന്ന ജനറല്‍ കോച്ചിലേക്ക് ആട്ടിയോടിക്കുകയാണ്. ഇതിനുശേഷമാണ് ഇവരുടെ പകല്‍ക്കൊള്ള തുടങ്ങുന്നത്. ഒഴിവുവരുന്ന ബര്‍ത്തുകള്‍ ആര്‍എസിക്കാര്‍ക്ക് നല്‍കാതെ ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചിലേക്ക് കയറുന്നവര്‍ക്ക് വന്‍ തുക ഈടാക്കി നല്‍കുകയാണ്. ഇത് പലപ്പോഴും യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റത്തിന് കാരണമാവുന്നു. ദീര്‍ഘദൂര ട്രെയിനുകളിലും ടിടിഇമാര്‍ സമാന നിലപാടാണു സ്വീകരിക്കുന്നത്. റിസര്‍വേഷന്‍ ടിക്കറ്റില്‍ യാത്രചെയ്യുന്നവരുടെ മുന്നില്‍വച്ച് ജനറല്‍ ടിക്കറ്റുമായി കയറിവരുന്നവരെ ആട്ടിയോടിക്കുകയും പിന്നീട് അവരുടെ പിന്നാലെ പോയി ഒഴിവുവരുന്ന സീറ്റുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ വന്‍ തുക ഈടാക്കി നല്‍കുകയും ചെയ്യും. ഇത്തരം ടിടിഇമാരെ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പ്രത്യേക വിഭാഗം സ്‌ക്വാഡും തയ്യാറാവുന്നില്ല. ഇതാണ് ചൂഷണം നിര്‍ബാധം തുടരാന്‍ ടിടിഇമാര്‍ക്ക് പ്രേരണയാവുന്നത്. അതിനിടെ, അവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുമ്പോഴും ജനറല്‍ കംപാര്‍ട്ട്‌മെന്റുകള്‍ കൂട്ടാന്‍ നടപടിയില്ല. മംഗളൂരുവില്‍നിന്ന് ഓട്ടം തുടങ്ങുന്നതും തിരിച്ചുമുള്ള വണ്ടികളില്‍ ആവശ്യത്തിന് കംപാര്‍ട്ട്‌മെന്റുകളില്ലാത്തത് സാധാരണക്കാരായ യാത്രക്കാരെയാണു പ്രതികൂലമായി ബാധിക്കുന്നത്. കാല് കുത്താനിടമില്ലാത്ത വിധം കക്കൂസുകളില്‍ ഉള്‍പ്പെടെ നിന്ന് യാത്ര ചെയ്യേണ്ട സ്ഥിതിയാണ് പല വണ്ടികളിലും. പല വണ്ടികളും വൈകിയോടുന്നതും യാത്രക്കാരെ പ്രയാസത്തിലാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it