ട്രെയിനപകടം: റെയില്‍വേ നഷ്ടപരിഹാരം നല്‍കണം

ന്യൂഡല്‍ഹി: ട്രെയിനില്‍ കയറുകയോ ഇറങ്ങുകയോ ചെയ്യുന്ന സമയത്ത് അപകടത്തില്‍പ്പെട്ട് മരണമോ പരിക്കോ സംഭവിച്ചാല്‍ യാത്രക്കാര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. ഇത്തരം സാഹ—ചര്യങ്ങളില്‍ സംഭവിക്കുന്ന മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണം യാത്രക്കാരുടെ അശ്രദ്ധയാണെന്നു ചൂണ്ടിക്കാട്ടി ഉത്തരവാദിത്തത്തില്‍ നിന്ന് റെയില്‍വേയ്ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും ഇതുസംബന്ധിച്ച ഹരജി തീര്‍പ്പാക്കിക്കൊണ്ട് സുപ്രിംകോടതി വ്യക്തമാക്കി.
2002 ആഗസ്തില്‍ തിരക്കേറിയ ട്രെയിനില്‍ നിന്നു താഴെവീണു മരിച്ച ബിഹാര്‍ സ്വദേശിനിയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാനമായ വിധിന്യായം. ഹരജി ആദ്യം പരിഗണിച്ച പട്‌ന ഹൈക്കോടതി ഇരയുടെ കുടുംബത്തിനു നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരേ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതോടെയാണ് വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലെത്തിയത്. മരിച്ച സ്ത്രീ ശരിയായ യാത്രക്കാരിയല്ലെന്നും സ്വയം വരുത്തിവച്ച പിഴവുമൂലമാണ് മരിച്ചതെന്നും ചൂണ്ടിക്കാട്ടി റെയില്‍വേ കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിച്ചിരുന്നു.
എന്നാല്‍, യാത്രക്കാരി ടിക്കറ്റ് എടുക്കുന്നതിന്റെയും ട്രെയിനില്‍ കയറിയതിന്റെയും ദൃക്‌സാക്ഷിമൊഴികള്‍ പരിഗണിച്ച ഹൈക്കോടതി റെയില്‍വേ കോടതിയുടെ തീരുമാനം റദ്ദാക്കിയാണ് ഇരയുടെ കുടുംബത്തിന് അനുകൂലമായി വിധിപുറപ്പെടുവിച്ചത്. ടിക്കറ്റ് എടുത്ത ഒരു യാത്രക്കാരനോ യാത്രക്കാരിക്കോ യാത്രയ്ക്കിടെ സംഭവിക്കുന്ന എന്ത് അപകടങ്ങള്‍ക്കും റെയില്‍വേയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും അത്തരം യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം കൊടുക്കുന്നതില്‍ നിന്ന് റെയില്‍വേക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും ജസ്റ്റിസുമാരായ എ കെ ഗോയല്‍, ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Next Story

RELATED STORIES

Share it