ട്രൂഡോ-മോദി കൂടിക്കാഴ്ച; ആറു കരാറുകളില്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടെ ആറു കരാറുകളില്‍ ഇരു നേതാക്കളും ഒപ്പുവച്ചു. ഊര്‍ജ രംഗത്തെ സഹകരണം അടക്കമുള്ള കരാറുകളിലാണ് ഇന്ത്യയും കാനഡയും ഒപ്പുവച്ചത്. രണ്ടുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ സഹകരണവും വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതും സംബന്ധിച്ച് ചര്‍ച്ചചെയ്തു. ഇന്ത്യയുടെ പരമാധികാരത്തെയും ഏകതയെയും വെല്ലുവിളിക്കുന്നവരെ സഹിഷ്ണുതയോടെ കാണാനാവില്ലെന്നു കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി അഭിപ്രായപ്പെട്ടു.
ഭീകരതയ്‌ക്കെതിരേ ഇന്ത്യയും കാനഡയും ഒരുമിച്ച് പോരാടേണ്ടത് സുപ്രധാനമാണെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മതത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും മോദി വ്യക്തമാക്കി. പ്രത്യേക സിഖ് രാഷ്ട്രം ആവശ്യപ്പെടുന്ന ഖലിസ്താന്‍ വാദികളോട് കനേഡിയന്‍ സര്‍ക്കാര്‍ മൃദു സമീപനം കൈക്കൊള്ളുന്നുവെന്ന് ആക്ഷേപമുയരുന്നതിനിടെയാണ് മോദിയുടെ പ്രസ്താവന. ഇന്ത്യയിലെത്തിയ ജസ്റ്റിന്‍ ട്രൂഡോക്ക് കനേഡിയന്‍ ഹൈകമ്മീഷനര്‍ സംഘടിപ്പിച്ച അത്താഴവിരുന്നിലേക്ക് ഖലിസ്താന്‍ നേതാവ് ജസ്പാല്‍ അത്വാലിനെ ക്ഷണിച്ചതും വിവാദമായിരുന്നു. ആഗ്ര, അഹ്മദാബാദ്, മുംബൈ അടക്കമുള്ള സ്ഥലങ്ങള്‍ ഏഴുദിവസത്തെ ഇന്ത്യാപര്യടനത്തില്‍ ട്രൂഡോ സന്ദര്‍ശിച്ചിരുന്നു.
ഇക്കാര്യം സൂചിപ്പിച്ച് ട്രൂഡോ ഇന്ത്യയുടെ വൈവിധ്യത്തെ അറിഞ്ഞിട്ടുണ്ടാവുമെന്ന് മോദി പറഞ്ഞു. വാണിജ്യരംഗത്തെ സഹകരണത്തിനുള്ള സ്വാഭാവിക പങ്കാളിയാണ് ഇന്ത്യയെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മറുപടിപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. നേരത്തേ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും ട്രൂഡോ ചര്‍ച്ചനടത്തിയിരുന്നു.
Next Story

RELATED STORIES

Share it