ernakulam local

ട്രിപ്പിള്‍ജംപില്‍ പത്തുവര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ഉനൈസിസ് ഷാഹു

കൊച്ചി: എംജി സര്‍വകലാശാല അത്‌ലറ്റിക് മീറ്റില്‍ ട്രിപ്പിള്‍ജംപില്‍ പത്തു വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ഉനൈസിസ് ഷാഹു. വോളിബോള്‍ താരമായിരുന്ന കൊല്ലം പള്ളിമുക്കില്‍ ഷാഹുവിന്റെ മകനാണ് എംജി സര്‍വകലാശാല മീറ്റില്‍ ട്രിപ്പിള്‍ജംപില്‍ റെക്കോര്‍ഡ് സ്വര്‍ണം നേടിയ ഉനൈസിസ്. മീറ്റിലെ ആദ്യ റെക്കോര്‍ഡിനുടമയായ ഉനൈസിസ് ലോംഗ്ജംപിലും സ്വര്‍ണം നേടിയിരുന്നു. ഉനൈസിസിന്റെ സഹോദരങ്ങളായ ഉവൈസും ഉബൈദും കായികതാരങ്ങള്‍ തന്നെ.
കേരള യൂനിവേഴ്‌സിറ്റി മീറ്റില്‍ ട്രിപ്പിള്‍ജംപില്‍ അനുജന്‍ ഉവൈസും സ്വര്‍ണം നേടിയിരുന്നു. ഇളയ സഹോദരനായ ഉബൈദ് സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ലോംഗ്ജംപില്‍ വെങ്കലം നേടി. പാലാ സെന്റ് തോമസ് കോളജില്‍ ബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഉനൈസിസ് 15.85 മീറ്റര്‍ ദൂരം ചാടിയാണ് പുതിയ റെക്കോര്‍ഡിനുടമയായത്. ഈ വര്‍ഷത്തെ എംജി മീറ്റിലെ ആദ്യ റെക്കോര്‍ഡുകൂടിയായിരുന്നു ഇത്. 2005 ല്‍ കോതമംഗലം എംഎ കോളജിലെ അനീഷ് പി കൃഷ്ണന്‍ സ്ഥാപിച്ച 15.52 മീറ്ററിന്റെ റെക്കോര്‍ഡാണ് ഉനൈസിസ് കടപുഴക്കിയത്. രണ്ടാമതെത്തിയ എംഎ കോളജിലെ അബ്ദുല്ല അബൂബക്കറും റെക്കോര്‍ഡിട്ടു. ജഗദീഷ് ആര്‍ കൃഷ്ണയാണ് ഉനൈസിസിന്റെ പരിശീലകന്‍.
ലോംഗ്ജംപില്‍ 7.12 മീറ്റര്‍ ചാടി ഉനൈസിസ് സ്വര്‍ണം നേടിയിരുന്നു. 2011 ലെ ജൂനിയര്‍ നാഷണലില്‍ ട്രിപ്പിള്‍ജംപില്‍ ഉനൈസിസ് ഒന്നാമതെത്തിയിരുന്നു. 2012 മുതല്‍ 15 വരെ സീനിയര്‍ നാഷണലില്‍ പങ്കെടുത്തിട്ടുണ്ട്. നേരത്തെ ഹൈജംപ് ചാടിയിരുന്ന ഉനൈസിസിനെ പരിശീലകനാണ് ലോംഗ്ജംപിലേക്കും ട്രിപ്പിള്‍ജംപിലേക്കും തിരിച്ചുവിട്ടത്.
അഞ്ചു വര്‍ഷം മുമ്പ് കാറപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കിടപ്പിലായ പിതാവ് ഷാഹുവിനും കോച്ച് ജഗദീഷിനും തന്റെ റെക്കോര്‍ഡ് സമര്‍പ്പിക്കുന്നതായി ഉനൈസിസ് പറഞ്ഞു.
Next Story

RELATED STORIES

Share it