Kollam Local

ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പിടിഎ യോഗത്തില്‍ സംഘര്‍ഷം



കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന പിടിഎ യോഗത്തില്‍ സംഘര്‍ഷം. കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അടിയന്തര പിടിഎ യോഗം വിളിച്ചു ചേര്‍ത്തത്. ആരോപണ വിധേയരായ അധ്യാപകരെ അറസ്റ്റ് ചെയ്യാതെ വിദ്യാലയം തുറക്കാന്‍ കഴിയില്ലെന്ന നിലപാട് ഒരു വിഭാഗം രക്ഷിതാക്കളെടുത്തപ്പോള്‍ മറുവിഭാഗം സകൂള്‍ തുറക്കണമെന്ന അഭിപ്രായം മുന്നോട്ടു വെച്ചു. ഒടുവില്‍ സംഘര്‍ഷത്തിന് അയവുവന്നതോടെ അടഞ്ഞുകിടക്കുന്ന സ്‌കൂള്‍ ഇന്നു തുറക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിനിടെ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച്  ഗൗരിയുടെ കുടുംബം സ്‌കൂളിന് മുന്നില്‍ സമരം നടത്താനാണ് നീക്കം. ഇന്നലത്തെ യോഗത്തില്‍ ഒരു വിഭാഗം രക്ഷകര്‍ത്താക്കള്‍ സ്‌കൂള്‍ തുറക്കണമെന്ന് നിലപാടെടുത്തപ്പോള്‍, മറുവിഭാഗം സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. സ്‌കൂള്‍ തുറക്കാന്‍ ഹൈക്കോടതിയെ സമീപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇതോടെ യോഗം കയ്യാങ്കളിയിലേക്ക് നീങ്ങി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. കൈരളി ടിവി റിപോര്‍ട്ടര്‍ രാജ്കുമാര്‍, മംഗളം ടിവി കാമറാമാന്‍ പ്രിന്‍സ് ഇല്യാസ്, ഏഷ്യാനെറ്റ് ന്യൂസ് കാമറാമാന്‍ ഖലീല്‍ ഇബ്രാഹിം എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പ്രിന്‍സിന്റെ തോളെല്ലിന് പരിക്കേറ്റു. രാവിലെ പത്തിന് കനത്ത പോലിസ് കാവലില്‍ ആരംഭിച്ച യോഗം ഉച്ചക്ക്  രണ്ടോടെയാണ് സമാപിച്ചത്. അതേസമയം കുറ്റക്കാരായ അധ്യാപകര്‍ക്കെതിരേ നടപടിയെടുത്തതിന് ശേഷം മാത്രമേ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കൂയെന്ന് ഗൗരിയുടെ പിതാവ് പ്രസന്നകുമാര്‍ യോഗത്തില്‍ വ്യക്തമാക്കി. അല്ലാത്തപക്ഷം താനും തന്റെ കുടുംബവും സ്‌കൂളിന് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ,പ്രസന്നകുമാര്‍ സംസാരിക്കുന്നതിനിടെ ചിലര്‍ കൂക്കുവിളി നടത്തിയത് പ്രതിഷേധത്തിന് കാരണമായി. ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ പോലിസ് ഇടപെടുകയായിരുന്നു.ഗൗരി മരിച്ച സംഭവത്തില്‍ ആരോപണം നേരിടുന്ന അധ്യാപികമാരായ സിന്ധു, ക്രസന്റ എന്നിവരെ  അറസ്റ്റ് ചെയ്യാതെ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാര്‍ഥി സംഘടനകളും നിലപാടെടുത്തിരുന്നു. ഗൗരിയുടെ മരണത്തിന് പിന്നാലെ കഴിഞ്ഞ 12 ദിവസമായി സ്‌കൂള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ മാനേജ്‌മെന്റ് ഒരു വിഭാഗം ആളുകളെ മാത്രം പങ്കെടുപ്പിച്ചുവെന്നാരോപിച്ച് വിദ്യാര്‍ഥി സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് കണക്കിലെടുത്ത് കഴിഞ്ഞ ദിവസം വിദ്യാര്‍ഥി സംഘനകളുടെ യോഗം വിളിച്ച് ചേര്‍ത്തിയിരുന്നു. പിടിഎ യോഗത്തിന്റെ നിലപാട് എന്തു തന്നെയായാലും പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ മുന്നോട്ടു പോവുമെന്നും അറിയിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഹൈക്കോടതിയില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടിയ കേസ് കോടതി ഇന്നു പരിഗണിക്കും.
Next Story

RELATED STORIES

Share it