ernakulam local

ട്രാവന്‍കൂര്‍ റയോണ്‍സ് തൊഴിലാളികളുടെ 50 ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് പട്ടയം നല്‍കും: മന്ത്രി

പെരുമ്പാവൂര്‍: ചേലാമറ്റത്ത് സ്ഥിതിചെയ്യുന്ന ട്രാവന്‍കൂര്‍ റയോണ്‍സിന് പട്ടയം നല്‍കാന്‍ തീരുമാനമായി. ഇവിടെ താമസിച്ചു വരുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കുള്ള ഇന്‍ഡസ്ട്രിയല്‍ ഹൗസിങ് പദ്ധതി ക്വാര്‍ട്ടേഴ്‌സില്‍ ഇപ്പോള്‍ താമസിച്ചു വരുന്നവര്‍ക്കാണ് പട്ടയം നല്‍കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
രേഖകളില്‍ ഇന്‍ഡസ്ട്രിയല്‍ ക്വാര്‍ട്ടേഴ്‌സ് ആയി കിടക്കുകയാണ് കെട്ടിടങ്ങള്‍.  പതിറ്റാണ്ടുകളായി താമസിക്കുന്ന അന്‍പതോളം കുടുംബങ്ങള്‍ക്ക് ഇതുവരെയും പട്ടയം ലഭിച്ചിട്ടില്ല.
1963 ല്‍ റയോണ്‍സ് മാനേജ്മെന്റും ജില്ല കലക്ടറും ചേര്‍ന്ന് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് ഈ കെട്ടിടവും സ്ഥലവും വാടകയ്ക്ക് കൊടുക്കുകയും 12 വര്‍ഷം വാടക പിരിച്ചു സര്‍ക്കാരില്‍ അടക്കുകയും ചെയ്തിരുന്നു.
പിന്നീട് ചെറിയ തുക ഈടാക്കി കെട്ടിടവും സ്ഥലവും പതിച്ചു നല്‍കാനും വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ഈ വ്യവസ്ഥ പിന്നീട് പാലിക്കപ്പെട്ടില്ലെന്നും പറയുന്നു.
ഇവിടെ താമസിക്കുന്നവര്‍ ഹൈക്കോടതിയെ സമീപിച്ചു അനുകൂലവിധി സമ്പാദിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല. അനവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും യാതൊരുവിധ തീരുമാനങ്ങളും ഉണ്ടായിരുന്നില്ല.
ഇരുപത്തിയഞ്ച് ഇരട്ട വീടുകളില്‍ അന്‍പത് കുടുംബങ്ങളാണ് ഇവിടെ താമസിച്ചു വരുന്നത്. ഓരോ കുടുംബങ്ങളും നാലുമുതല്‍ ആറുവരെ സെന്ററുകളില്‍ താമസിക്കുന്നവരുമുണ്ട്.
കെട്ടിടങ്ങള്‍ കാലപ്പഴക്കത്താല്‍ ജീര്‍ണവസ്ഥയിലും. ഉടമസ്ഥാവകാശം ലഭിക്കാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നോ വീട് മെയിന്റനന്‍സിനുള്ള സഹായവും ലഭ്യമല്ല. കമ്പനി പൂട്ടിയതോടെ ജീവനക്കാരുടെ മക്കള്‍ ഉള്‍പെടെ കൂലിപ്പണി എടുത്താണ് ജീവിക്കുന്നത്.
നിലവില്‍ ട്രാവന്‍കൂര്‍ റയോണ്‍സ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരുന്ന തൊഴിലാളികള്‍ക്കും മരിച്ചു പോയ തൊഴിലാളികളുടെ നിയമാനുസൃത അവകാശികള്‍ക്കും അവര്‍ താമസിച്ചു വരുന്ന ക്വാര്‍ട്ടേഴ്സ് വാടക കുടിശ്ശികയും ഭൂമി, കെട്ടിട വില എന്നിവ ഈടാക്കി പതിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നിയമസഭയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അവതരിപ്പിച്ച ഉപക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
Next Story

RELATED STORIES

Share it