ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതി; വിഎസിനും കോടിയേരിക്കും പങ്കെന്ന് മുന്‍ ജീവനക്കാരന്‍

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയിലെ മലിനീകരണ നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കുണ്ടെന്ന് പൊതുപ്രവര്‍ത്തകനും ടൈറ്റാനിയം കമ്പനിയിലെ മുന്‍ ജീവനക്കാരനുമായിരുന്ന സെബാസ്റ്റ്യന്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വി എസ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയും ആയിരുന്ന കാലത്ത് ഉമ്മന്‍ചാണ്ടി 250 കോടി അഴിമതി നടത്തിയെന്ന് ഇടത് നേതാക്കള്‍ ഉന്നയിക്കുന്നത് പരിഹാസ്യമാണ്. അന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ടൈറ്റാനിയം ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും കടകംപള്ളി സുരേന്ദ്രന്‍ ടൈറ്റാനിയം സിഐടിയു യൂനിയന്‍ പ്രസിഡന്റുമായിരുന്നു. തങ്ങള്‍ കഴിവു കെട്ടവരാണെന്ന് ഈ നേതാക്കള്‍ സ്വയം സമ്മതിക്കുന്നതിന് തുല്യമാണ് ഈ അഴിമതി ആരോപണം.
ടൈറ്റാനിയം മലിനീകരണ നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ 110 കോടിയില്‍പരം രൂപയാണ് ചെലവഴിച്ചത്. ഇതില്‍ യന്ത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്ത വകയില്‍ വിദേശ കമ്പനികള്‍ക്ക് 62 കോടി നല്‍കി. ന്യൂട്രലൈസേഷന്‍ പ്ലാന്റിനായി 35 കോടി ചെലവഴിച്ചു. കോപ്പരാസ് റിക്കവറി പ്ലാന്റിന്റെ സിവില്‍ വര്‍ക്കുകള്‍ക്ക് വേണ്ടി ഏഴു കോടിയും മെക്കോന്‍ എന്ന കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തിന് 5.5 കോടിയും കസ്റ്റംസ് ഡ്യൂട്ടിയായി മൂന്ന് കോടിയും നല്‍കി. യൂനിയന്‍ ബാങ്കില്‍ നിന്നും 45 കോടി വായ്പയായി എടുത്തതിന് പലിശ ഇനത്തില്‍ 32 കോടിയാണ് അടയ്‌ക്കേണ്ടി വന്നത്. യന്ത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്തപ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി 17.32 കോടി ഡ്യൂട്ടി ഇനത്തില്‍ ഇളവ് നേടിയിരുന്നു. എന്നാല്‍, പദ്ധതി ഉപേക്ഷിച്ചത് മൂലം 15 ശതമാനം പലിശയടക്കം 49 കോടി ടൈറ്റാനിയം അടക്കാനുണ്ട്.
ഉന്നതരുടെ സ്വാധീനം മൂലമാണ് ജപ്തി നടപടികള്‍ നീട്ടിക്കൊണ്ടുപോവുന്നത്. വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഖജനാവില്‍ നിന്ന് 12 കോടിയും കെഎംഎംഎല്ലില്‍ നിന്ന് 10 കോടിയും വായ്പ നല്‍കിയത്. ഇതില്‍ പലിശയിനത്തില്‍ മാത്രം 20 കോടിയില്‍ പരം രൂപ ടൈറ്റാനിയം നല്‍കാനുണ്ട്. അതേസമയം അഴിമതിയുടെ പാപഭാരം മുഴുവന്‍ ഉമ്മന്‍ചാണ്ടിയുടെ തലയില്‍ കെട്ടിവച്ച് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സെബാസ്റ്റ്്യന്‍ ജോര്‍ജ് ആരോപിച്ചു.
Next Story

RELATED STORIES

Share it