malappuram local

ട്രാഫിക് മാറ്റവും സ്റ്റോപ്പ് നീക്കവും ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗം

പെരിന്തല്‍മണ്ണ: നഗരത്തില്‍ നടപ്പാക്കിയ അഞ്ചാം ഘട്ട ട്രാഫിക്ക് മാറ്റവും സ്റ്റോപ്പുകളുടെ നീക്കവും കോടതി വ്യവഹാരത്തിനുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമെന്ന് അറിവായി.
നഗരസഭാ കാര്യാലയത്തിനു പുറകിലെ ബസ്് സ്റ്റാന്റിനുള്ള വിലക്ക് നീക്കുന്നതിനായുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായാണു കോഴിക്കോട് റോഡിലെ സ്റ്റോപ്പുകളുടെ നീക്കം. വര്‍ഷങ്ങള്‍ക്കു മുന്‍പ് നഗരസഭ സൗജന്യമായി ഏറ്റെടുക്കേണ്ടി വന്ന ബൈപ്പാസ് തറയില്‍ സ്റ്റാന്റ് പ്രവൃത്തിയില്‍ കൊണ്ടുവരാനുള്ള ഉപാധിയായാണ് സ്റ്റോപ് നീക്കം ചെയ്തത്. വര്‍ഷങ്ങളായി കോടതി വ്യവഹാരങ്ങളില്‍പ്പെട്ട് പ്രയാസത്തിലായ പുതിയ ബസ് സ്റ്റാന്റിന്റെ നിര്‍മാണം ആരംഭിക്കാനുണ്ടാക്കിയ ഫോര്‍മുലയില്‍ മുന്നോട്ടുവച്ച എതിര്‍കക്ഷിയുടെ നിര്‍ദേശങ്ങള്‍ നഗരസഭ നടപ്പാക്കുകയായിരുന്നു. എന്നാല്‍ നഗരസഭയുടെ നേതൃത്വത്തിലുള്ള ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നടപ്പാക്കിയ പരിഷ്‌കാരവും സ്റ്റോപ്പുകള്‍ മാറ്റലും പ്രതിഷേധത്തിനിടയാക്കുകയായിരുന്നു.
നഗരകാര്യാലയത്തിനു മുന്‍വശത്തെ ബസ് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയ വ്യാപാരി സംഘടനകളും നഗരസഭയും തമ്മില്‍ ശീതസമരത്തിലാണ്. ട്രാഫിക്ക് മാറ്റം വരുത്തുന്ന ചര്‍ച്ചകള്‍ക്ക് നിരത്തിലെ വ്യാപാരികളെ വിളിച്ചിട്ടില്ലെന്ന് മര്‍ച്ചന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അതേസമയം നഗരസഭ പൊളിച്ചുമാറ്റിയ സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്തി ആളെ കയറ്റി കൊണ്ടു പോവുന്നുണ്ട്.
Next Story

RELATED STORIES

Share it