wayanad local

ട്രാഫിക് പരിഷ്‌കാരം: കുരുക്കഴിഞ്ഞ് പനമരം

പനമരം: കഴിഞ്ഞ ദിവസം മുതല്‍ പനമരത്ത് നടപ്പാക്കിയ പുതിയ ഗതാഗത പരിഷ്‌കാരം ടൗണിനെ ഗതാഗതക്കുരുക്കില്‍ നിന്നും മുക്തമാക്കി. നേരത്തേ ബസ്സ്റ്റാന്റിനുള്ളില്‍ അശാസ്ത്രീയമായി പാര്‍ക്ക് ചെയ്തിരുന്ന മുഴുവന്‍ ഓട്ടോകളും ഇവിടെ നിന്നും എടുത്തുമാറ്റിയതോടെ ബസ്സുകള്‍ക്ക് പാര്‍ക്കിങിന് സൗകര്യം കൂടി. സ്റ്റാന്റിന് മുന്നില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കിയിരുന്ന കല്‍പ്പറ്റ ഭാഗത്തേക്ക് പോവുന്ന ബസ്സുകള്‍ക്ക് സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ സ്‌റ്റോപ്പ് അനുവദിച്ചത് ഗതാഗതക്കുരുക്കഴിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
ഇതോടെ സ്റ്റാന്റില്‍ വന്ന് തിരിക്കുന്ന ബസ്സുകള്‍ക്ക് ഗതാഗതക്കുരുക്കില്‍ നിന്നു മോചനമായി. നേരത്തെ നിയമവിരുദ്ധമായി പാര്‍ക്കിങ് അനുവദിച്ച ഓട്ടോസ്റ്റാന്റുകള്‍ നിയമാനുസൃത രീതിയില്‍ റോഡിന്റെ ഇടതുവശം ചേര്‍ന്നു നിര്‍ത്താന്‍ പുതിയ പരിഷ്‌കാരത്തില്‍ തീരുമാനമായിരുന്നു. നേരത്തേ ആശുപത്രി റോഡില്‍ യാതൊരു മാനദണ്ഡവുമില്ലാതെ തോന്നിയപോലെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോകള്‍ രോഗികള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും ഏറെ ദുരിതം വിതച്ചിരുന്നു. കല്‍പ്പറ്റ റോഡില്‍ സ്വകാര്യ ആശുപത്രി കവാടം കൊട്ടിയടച്ച് നിര്‍ത്തിയിട്ടിരുന്ന മുഴുവന്‍ ഓട്ടോകളും സൗകര്യപ്രദമായ രീതിയിലേക്ക് മാറ്റി പാര്‍ക്കിങ് അനുവദിച്ചതോടെ ടൗണിന്റെ പ്രധാന ഭാഗത്ത് തിരക്കൊഴിഞ്ഞു.
നേരത്തെ ഈ ഭാഗത്തെ മാവിന്‍ചുവട്ടില്‍ തിരക്കില്‍പ്പെട്ട് അപകടം സംഭവിക്കുന്നതു തുടര്‍ക്കഥയായിരുന്നു. അഞ്ചുകുന്ന് മാതോത്തുപൊയിലിന് സമീപം പാലുകുന്ന് സ്വദേശിയായ വയോധികന്‍ സീബ്രാലൈനില്‍ വാഹനമിടിച്ച് മരണപ്പെട്ടു. ഓട്ടോറിക്ഷകള്‍ക്കിടയിലൂടെ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവെയാണ് അപകടം സംഭവിച്ചത്.
Next Story

RELATED STORIES

Share it