kannur local

ട്രാഫിക് നിയന്ത്രണമില്ല; പിലാത്തറ ടൗണില്‍ ഗതാഗതസ്തംഭനം പതിവാകുന്നു

പഴയങ്ങാടി: ദേശീയപാതയോരത്തെ പിലാത്തറ ടൗണില്‍ ഗതാഗതസ്തംഭനവും അപകടങ്ങളും പതിവാകുന്നു. ട്രാഫിക് നിയന്ത്രണങ്ങളില്ലാത്തതിനാല്‍ തലങ്ങും വിലങ്ങും വാഹനമോടുന്നതും വ്യവസ്ഥയില്ലാത്ത പാര്‍ക്കിങ്ങും കാരണമാണ് ടൗണില്‍ ഗതാഗതക്കുരുക്കും പ്രശ്‌നങ്ങളും നിത്യസംഭവമാകുന്നത്.
മാതമംഗലം, പഴയങ്ങാടി, പയ്യന്നൂര്‍, തളിപ്പറമ്പ് ഭാഗങ്ങളില്‍ നിന്നുള്ള റോഡുകള്‍ എത്തുന്ന ദേശീയപാത ജങ്ഷനില്‍ വാഹനങ്ങള്‍ കയറുന്നതിന് യാതൊരു ട്രാഫിക് നിയമവും പാലിക്കപ്പെടുന്നില്ല. തലങ്ങും വിലങ്ങുമുള്ള വാഹനയോട്ടത്തില്‍ ഇവിടെ വണ്ടികള്‍ തമ്മില്‍ ഇടിക്കുന്നതും ഗതാഗതം നിലക്കുന്നതും പതിവ് കാഴ്ചയാണ്.
ട്രാഫിക് ഐലന്റ് സ്ഥാപിക്കണമെന്ന് സന്നദ്ധ സംഘടനകളും നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. പിലാത്തറ ടൗണില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് യാതൊരു ക്രമവുമില്ലാത്ത അവസ്ഥയാണ്.
ടൗണ്‍ ജങ്ഷന്‍ മുതല്‍ പിലാത്തറ പ്രാഥമിക ആരോഗ്യകേന്ദ്രം വരെ ദേശീയപാതയുടെ ഇരുവശത്തും സദാസമയവും നിരവധി വാഹനങ്ങളാണ് നിര്‍ത്തിയിടുന്നത്. സമീപത്തെ ഓഡിറ്റോറിയത്തില്‍ വിവാഹമോ മറ്റ് പരിപാടികളോ ഉള്ള ദിവസങ്ങളില്‍ റോഡിന്റെ ഇരുവശങ്ങളും വാഹനങ്ങള്‍ കൊണ്ട് നിറയുന്നതും പതിവാണ്.
ഇതിനിടയില്‍ കാല്‍നടയാത്രക്കാര്‍ ജീവന്‍ കയ്യില്‍ പിടിച്ച് റോഡ് മുറിച്ചു കടക്കേണ്ട അവസ്ഥയാണ്. അനധികൃത പാര്‍ക്കിങ് ശ്രദ്ധയില്‍പ്പെട്ട റോഡ് സുരക്ഷ കമ്മീഷന്‍ ശക്തമായ നടപടിയെടുക്കാന്‍ പരിയാരം പോലിസിന് മാസങ്ങള്‍ക്ക് മുമ്പേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ബസ്സ്റ്റാന്റ് പരിസരത്തും മാതമംഗലം റോഡിലും പീരക്കാംതടം പെട്രോള്‍പമ്പ് പരിസരങ്ങളിലും വലിയ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടുന്നത് പതിവ് കാഴ്ചയാണ്. ബിവറേജസില്‍ നിന്ന് മദ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങളും ഗതാഗതക്കുരുക്ക് മുറുകാന്‍ കാരണമാകുന്നു.
Next Story

RELATED STORIES

Share it