Flash News

ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുടെ പരിഷ്‌കാരങ്ങള്‍ക്കെതിരേ ലോറി-ടിപ്പര്‍ ഉടമകള്‍ സമരത്തിലേക്ക്



കൊച്ചി: സംസ്ഥാനത്തെ ഗതാഗത മേഖലയില്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരേ കേരള ടോറസ് ടിപ്പേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. വാഹനം ഓടിക്കുന്ന സമയത്ത് ഒന്നിലധികം വീഴ്ചകള്‍ക്കു പിടിയിലാവുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദുചെയ്യുമെന്ന ട്രാഫിക് സെക്രട്ടറിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നു കേരള ടോറസ് ടിപ്പേഴ്‌സ് അസോസിയേഷന്‍ ജന. സെക്രട്ടറി ജോണ്‍സണ്‍ പടമാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാതെ സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്കെതിരേ കനത്ത പിഴ ഇടാക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ് ചെയ്യുന്നത്. ഇതു കൂടാതെയാണു പുതിയ പരിഷ്‌കാരങ്ങള്‍ക്കു തുടക്കംകുറിക്കുന്നത്. അമിത വേഗതയില്‍ വാഹനമോടിച്ചാല്‍ പോലും പിഴയീടാക്കിയതിനു ശേഷം ലൈസന്‍സ് റദ്ദുചെയ്യുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി അറിയിച്ചത്. കേടായ കാമറ ഉപയോഗിച്ച് നിരത്തുകളിലിറങ്ങി വാഹന ഉടമകളെയും ഡ്രൈവര്‍മാരെയും ഉപദ്രവിക്കുന്ന നടപടികളില്‍ നിന്ന് മോട്ടോര്‍ വാഹനവകുപ്പ് പിന്‍മാറണം. നിലവില്‍ ഒരു ഡ്രൈവറുടെ ലൈസന്‍സ് റദാക്കുന്നതിന് സുപ്രിംകോടതി ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇല്ലാത്ത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതു വന്‍ തുക കൈക്കൂലി ലക്ഷ്യമിട്ടാണെന്നു സംശയിക്കുന്നതായും സംഘടന കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫിസിലേക്കു വരുംദിവസങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. അബൂബക്കര്‍, ജെനീഷ്, നൗഷാദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it