Flash News

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മര്‍ദനം: അടിയന്തര നടപടി സ്വീകരിക്കണം- എന്‍സിഎച്ച്ആര്‍ഒ

കോഴിക്കോട്: രാത്രി പിടിച്ചുപറിക്കുറ്റം വ്യാജമായി ആരോപിച്ച് പൊതുനിരത്തിലിട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മര്‍ദിച്ച പോലിസുകാര്‍ക്കെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എന്‍സിഎച്ച്ആര്‍ഒ കേരള ഘടകം ആവശ്യപ്പെട്ടു.'മനുഷ്യരെപ്പോലെ ജീവിക്കാന്‍ അവകാശമില്ല' എന്നു പറഞ്ഞുകൊണ്ടാണ് പോലിസ് മര്‍ദനം അഴിച്ചുവിട്ടത്. പോലിസിന്റെ തനത് ക്രിമിനല്‍ സ്വഭാവം ഇതിനു മുമ്പ് എറണാകുളത്തും തിരുവനന്തപുരത്തും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നേരെ പ്രകടിപ്പിച്ചിരുന്നു. നിലവില്‍ കേരള സര്‍ക്കാര്‍ പൊതുസമൂഹത്തിനു മുമ്പില്‍ ധാരാളം പദ്ധതികളും പ്രഖ്യാപനങ്ങളും നടത്താറുണ്ടെങ്കിലും പ്രായോഗികമായി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്നതിനു തെളിവാണ് പോലിസ് നടത്തിയ മര്‍ദനം. പരിക്കേറ്റ സുസ്മിത, ജാസ്മിന്‍ എന്നിവരെ ബീച്ചാശുപത്രിയില്‍ എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍, കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, ഖയ്യൂം (കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം) എന്നിവര്‍ സന്ദര്‍ശിച്ചു.മറ്റേതൊരാളെപ്പോലെയും ഭരണഘടനാപരമായ അവകാശങ്ങള്‍ അനുഭവിക്കേണ്ട ഒരു വിഭാഗമാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. അതിന് ഭാവി സമരപരിപാടികളില്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗമായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോടൊപ്പം എന്‍സിഎച്ച്ആര്‍ഒ ഉണ്ടാവുമെന്നും വിളയോടി ശിവന്‍കുട്ടിയും റെനി ഐലിനും സംസ്ഥാന ഭാരവാഹികളും അറിയിച്ചു.
Next Story

RELATED STORIES

Share it