palakkad local

ട്രാന്‍സ്‌ജെന്‍ഡറിനെ പരീക്ഷ എഴുതിക്കില്ലെന്ന് കോളജ് അധികൃതര്‍

ആലത്തൂര്‍: പുരുഷന്റെ മനസും പെണ്ണിന്റെ ശരീരവുമായി അവളില്‍ നിന്ന് അവനിലേക്കുള്ള യാത്രയിലാണ് താനെന്ന് പ്രവീണ്‍ നാഥ് പറയുന്നു. പ്രായ പൂര്‍ത്തിയായ വ്യക്തിയാണ് ഞാന്‍.
എനിക്കും അവകാശങ്ങളും, സ്വാതന്ത്ര്യവും ഉണ്ട്. ഞാന്‍ ഒരു ട്രാന്‍സ്‌മെന്‍ ആണ്. അങ്ങിനെ അറിയപ്പെടാനാണ് എന്റെ ആഗ്രഹമെന്ന് നെന്മാറ എന്‍എസ്എസ് കോളജിലെ ബിരുദ വിദ്യാര്‍ഥി കൂടിയായ പ്രവീണ്‍ നാഥ് പറയുന്നു. സ്‌കൂള്‍ പഠന കാലത്ത് തന്നെ എന്റെ പ്രശ്‌നങ്ങളും ഇഷ്ടങ്ങളും ഞാന്‍ മനസ്സിലാക്കിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായി. എന്നാല്‍, പ്രവീണയില്‍ പ്രവീണ്‍നാഥിലേക്ക് മാറി ട്രാന്‍സ്‌മെന്‍ ആയപ്പോള്‍ പരീക്ഷ എഴുതിക്കില്ലെന്നായി കോളജ് പ്രിന്‍സിപ്പല്‍. നാലാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്നാണ് നെന്‍മാറ എന്‍എസ്എസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി പ്രമോദ് പറയുന്നത്. ഹാജര്‍ കുറവാണെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം.
മെയ് പത്തുമുതല്‍ പരീക്ഷ ആരംഭിക്കും. ഒരു ഇന്റര്‍വ്യൂവില്‍ പ്രിന്‍സിപ്പലിനെ പേരെടുത്ത് പറഞ്ഞ് പ്രവീണ്‍ നാഥ് പരാമര്‍ശിച്ചിരുന്നു. ഇതിലെ വൈരാഗ്യമാണ് പ്രിന്‍സിപ്പല്‍ കാണിക്കുന്നതെന്നാണ് പ്രവീണ്‍ നാഥ് വിശ്വസിക്കുന്നത്. പ്രവീണ എന്നു തന്നെയാണ് ഇപ്പോഴും കോളജ് രജിസ്റ്ററില്‍ പേര്. സാമൂഹിക നീതി വകുപ്പ് മുഖേന പുതിയ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിന് പ്രവീണ്‍ നാഥ് അപേക്ഷ നല്‍കിയിട്ടുണ്ട്. ട്രാന്‍സ് ജെന്‍ഡര്‍ ആയാണ് കാര്‍ഡില്‍ രേഖപ്പെടുത്തുക. ആധാര്‍ കാര്‍ഡും ഉടന്‍ ലഭിക്കും. വിവിധ സംഘടനകള്‍ പ്രവീണ്‍ നാഥിനെ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it