ട്രാന്‍സ്‌ജെന്‍ഡര്‍ ബില്ല് ഭേദഗതികളോടെ കേന്ദ്ര കാബിനറ്റിന് മുന്നില്‍

ന്യൂഡല്‍ഹി: ഒമ്പത് ഭേദഗതികളോടെ സാമൂഹികനീതി വകുപ്പിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ ബില്ല് കേന്ദ്ര കാബിനറ്റിന് മുന്നില്‍. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വാക്കിന്റെ നിര്‍വചനം അടക്കം കൂടുതല്‍ വ്യക്തത വരുത്തിയാണ് ബില്ല് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചത്. വിവിധ വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാണ് ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ നിയമം സാമൂഹികനീതി വകുപ്പ് കേന്ദ്ര കാബിനറ്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്നത്. ജനന സമയത്ത് കല്‍പിച്ച് നല്‍കുന്ന ലിംഗപരമായ സ്വത്വമല്ല ട്രാന്‍സ്‌ജെന്‍ഡറിന്റേത്. അത് ട്രാന്‍സ്—മാനോ, ട്രാന്‍സ്‌വുമണോ ആവാമെന്നാണ് (ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരാവാതെ തന്നെ ഒരാളെ ട്രാന്‍സ്‌ജെന്‍ഡറായി അംഗീകരിക്കാം)ഭേദഗതി പ്രകാരമുള്ള നിര്‍വചനം.
ട്രാന്‍സ്‌ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ഉപാധികളിലും മാറ്റങ്ങളുമുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരായവര്‍, ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നല്‍കണം. ജില്ലാ കലക്ടര്‍ക്കാണ് ഇത് സംബന്ധിച്ച് അപേക്ഷ നല്‍കേണ്ടത്. ഇത് സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതിന് എല്ലാ സ്ഥാപനങ്ങളും പ്രത്യേക ഉദേ്യാഗസ്ഥനെ ചുമതലപ്പെടുത്തണം. നേരത്തേ നൂറ് തൊഴിലാളികള്‍ മാത്രമുള്ള സ്ഥാപനങ്ങള്‍ എന്ന് നിഷ്‌കര്‍ഷിച്ചിരുന്നത് ഒഴിവാക്കി.
കേന്ദ്ര ട്രാന്‍സ്‌ജെന്‍ഡര്‍ പരാതി പരിഹാര സെന്ററിന്റെ കര്‍ശന ഇടപെടലിനെ തുടര്‍ന്ന് പല നിര്‍ദേശങ്ങളും മാറ്റിയിട്ടുണ്ട്. സ്‌ക്രീനിങ് കമ്മിറ്റി മുമ്പാകെ ശാരീരിക പരിശോധനയ്ക്ക് വിധേയരാവണമെന്നതടക്കമുള്ള ഉപാധികളാണ് പിന്‍വലിച്ചത്.
അതേസമയം, സ്വവര്‍ഗ ലൈംഗികത കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഒഴിവാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ഇതിന് പുറമേ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പിന്നാക്ക വിഭാഗമായി അംഗീകരിക്കണമെന്ന നിര്‍ദേശവും നിയമവകുപ്പ് അംഗീകരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it