ernakulam local

ട്രാം സര്‍വീസ് പരിഗണനയില്‍: മെട്രോ ചീഫ്

മട്ടാഞ്ചേരി: മെട്രോ റെയില്‍ പദ്ധതി ഫോര്‍ട്ടുകൊച്ചിയിലേക്ക് നീട്ടുന്ന കാര്യം സാങ്കേതിക കാരണങ്ങളാല്‍ തല്‍ക്കാലം പരിഗണനയില്‍ ഇല്ലെങ്കിലും എന്നന്നേക്കുമായി ഉപേക്ഷിച്ചിട്ടില്ലെന്നും എന്നാല്‍ തോപ്പുംപടി മുതല്‍ ഫോര്‍ട്ടുകൊച്ചി വരെ ട്രാം സര്‍വീസ് ഏര്‍പ്പെടുത്തുന്ന കാര്യം  പരിഗണനയിലുണ്ടെന്നും കൊച്ചി മെട്രോ ചീഫ് എ പി എം മുഹമ്മദ് ഹനീഷ്.
ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച അഭിമുഖത്തിലാണ് മുഹമ്മദ് ഹനീഷ് ഇക്കാര്യമറിയിച്ചത്. ചേമ്പര്‍ പ്രസിഡന്റ് രാജേഷ് അഗര്‍വാള്‍ അധ്യക്ഷത വഹിച്ചു.
മട്ടാഞ്ചേരിയുടെ പൗരാണികതയും ഫോര്‍ട്ടുകൊച്ചിയുടെ പൈതൃകവും കോര്‍ത്തിണക്കി  ഏഴു പദ്ധതികള്‍ക്കാണ് കേന്ദ്രത്തിന്റെ സ്മാര്‍ട്ട് സിറ്റി  പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇതില്‍ ആറുപദ്ധതികളും അടുത്ത കൊല്ലം ജൂണിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നുറപ്പുണ്ടെന്നും ഹനീഷ് പറഞ്ഞു.
ഫോര്‍ട്ടുകൊച്ചിയില്‍ വാട്ടര്‍മെട്രോ ജെട്ടി സംബന്ധിച്ചുണ്ടായ വിവാദത്തിലും സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണ കോലാഹലങ്ങളിലും ദു:ഖമുണ്ട്.
ചീനവലകള്‍ ഇല്ലാതാക്കി ഒരു വികസനവും ലക്ഷ്യമാക്കുന്നില്ലെന്ന് ഹനീഷ് ഉറപ്പ് നല്‍കി. 45 ബോട്ട് ജെട്ടികളും 76 ബോട്ടുകളും  ഉള്‍പ്പെടുത്തി 76 കി.മീറ്റര്‍ ബോട്ട് യാത്രയാണ്  ബൃഹത്തായ വാട്ടര്‍ മെട്രോ പദ്ധതിയില്‍ ലക്ഷ്യമാക്കുന്നത്. കല്‍വത്തി രാമേശ്വരം കനാല്‍ ശുചീകരണം സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍  കൊച്ചി മെട്രോ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സന്‍ ഷൈനി മാത്യു, കൗണ്‍സിലര്‍ ടി കെ അഷറഫ്, അഡ്വ. സാജന്‍ മണ്ണാളി, വിശ്വനാഥ് അഗര്‍വാള്‍, ജി പി ഗോയല്‍, ബേബി ജോണ്‍ ജോസഫ് ചര്‍ച്ചയില്‍ പങ്കെടുത്തു. ചേമ്പര്‍ വൈസ് പ്രസിഡന്റ് മധുസൂദന്‍ ഗുപ്ത നന്ദി സംസാരിച്ചു.
Next Story

RELATED STORIES

Share it