kasaragod local

ട്രഷറി ഡയറക്ടറുടെ സര്‍ക്കുലര്‍ വിനയായി: ഒരു മാസമായി ദിവസവേതന ജീവനക്കാര്‍ക്ക് ശമ്പളമില്ല

കാസര്‍കോട്: ദിവസ വേതനക്കാരുടെ ശമ്പളം നല്‍കുന്ന ഹെഡ് ഓഫ് അക്കൗണ്ട് മാറികൊണ്ടുള്ള ട്രഷറി ഡയറക്ടറുടെ ഉത്തരവ് വിനയായി. സര്‍ക്കാര്‍ ഓഫിസുകളിലെ ദിവസ വേതനക്കാര്‍ക്ക് ഒരുമാസമായി ശമ്പളമില്ല. നിലവില്‍ ദിവസ വേതനക്കാരുടെ ശമ്പളം ട്രഷറി വഴി നല്‍കിയിരുന്നത് 01-01 എന്ന ഉപശീര്‍ഷത്തിലായിരുന്നു. ഇത് തെറ്റെന്നാണ് ട്രഷറി ഡയറക്ടറുടെ ഉത്തരവ്.
ഈ ഉപശീര്‍ഷകത്തില്‍ നല്‍കുന്ന ബില്ലുകള്‍ ചില ട്രഷറി ഓഫിസര്‍മാര്‍ പാസാക്കി നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഈ പ്രവണത ന്യായീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് നവംബര്‍ നാലിന് ട്രഷറി ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ഇനി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ പാര്‍ടൈം കണ്ടിജന്റ്, ദിവസവേതന, താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളം ക്ഷാമബത്ത, മറ്റ് അലവന്‍സുകള്‍, കണ്‍സോളിഡേറ്റഡ് പേ, ദിവസ വേതനം എന്നിവ യഥാക്രമം 02-01, 02-02, 02-03, 02-04, 02-05 എന്നീ ഉപശീര്‍ഷകത്തിലാണ് മാറേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ നാലിന് സര്‍ക്കുലര്‍ ഇറങ്ങിയെങ്കിലും ജില്ലയിലെ ട്രഷറികള്‍ക്ക് അത് നവംബര്‍ എട്ടിനാണ് ലഭിച്ചത്. ഇതുവരെ പഴയ ഉപശീര്‍ഷകത്തില്‍ ശമ്പള ബില്ലുകള്‍ ട്രഷറി മാറി നല്‍കിയിരുന്നു.
പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹെഡ് ഓഫ് അക്കൗണ്ട് മാറ്റി നല്‍കി ബില്ല് ട്രഷറികളില്‍ പിന്നീട് സമര്‍പ്പിച്ചെങ്കിലും ട്രഷറിയുടെ അക്കൗണ്ടില്‍ പുതിയ ഹെഡ് ഓഫ് അക്കൗണ്ട് ട്രഷറികളില്‍ എത്തിയിട്ടില്ലെന്ന കാരണം പറഞ്ഞ് ബില്ലുകള്‍ തിരിച്ചയക്കുകയായിരുന്നു. ചില സ്‌കൂളുകളില്‍ നിന്നുള്ള ബില്ലുകള്‍ നാലും അഞ്ചും തവണ തിരിച്ചയച്ച സംഭവവുമുണ്ടായിട്ടുണ്ട്. പഴയ ഹെഡ് ഓഫ് അക്കൗണ്ട് മാറ്റുകയും പുതിയത് ട്രഷറിയില്‍ വരാതിക്കുന്നതുകാരണം കഴിഞ്ഞ ഒരു മാസമായി ശമ്പളം മുടങ്ങി കിടക്കുകയാണ്. നവംബറിലെ ശമ്പളം മാറാനുള്ള സമയമായിട്ടും ഹെഡ് ഓഫ് അക്കൗണ്ടിലെ വ്യക്തത വരുത്താത്തത് കാരണം ഈ മാസവും ഈ പ്രതിസന്ധി തുടരുമെന്ന് ജീവനക്കാര്‍ പറയുന്നു. ദിവസവേതനക്കാരുടെ ശമ്പളം നല്‍കുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് എകെഎസ്ടിയു ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it