thiruvananthapuram local

ട്രഡ്ജറിന് പിന്നാലെ ബംഗര്‍ ബാര്‍ജും വിഴിഞ്ഞത്തെത്തി

വിഴിഞ്ഞം: സ്വപ്‌ന പദ്ധതിക്ക് അടിത്തറപാകാന്‍ അദാനി ഗ്രൂപ്പിന്റെ ട്രഡ്ജിങ് സാമഗ്രികള്‍ വിഴിഞ്ഞത്ത് സജ്ജമാവുന്നു. ബുധനാഴ്ച രാത്രി വിഴിഞ്ഞം പുതിയ വാര്‍ഫില്‍ നങ്കൂരമിട്ട ട്രഡ്ജര്‍ ശാന്തിസാഗര്‍ 12നെ ജോലിയില്‍ സഹായിക്കാന്‍ ബംഗര്‍ ബാര്‍ജായ ബിബി നാല് ഇന്നലെ വിഴിഞ്ഞത്ത് എത്തി.
മുബൈയില്‍ നിന്നുള്ള കാനറ പ്രോഗ്രസ് എന്ന ഡഗിന്റെ സഹായത്തോടെ ഇന്ധനവും വെള്ളവും റബ്ബര്‍ കോട്ടിങ്ങിലുള്ള കുറച്ച് പൈപ്പ് ലൈനുകളും കൂറ്റന്‍ ആങ്കറുമായാണ് ഇന്നലെ രാവിലെ 7.30 ഓടെയാണ് ബാര്‍ജ് വിഴിഞ്ഞത്തെത്തിയത്. ഒരു ഇന്‍ചാര്‍ജും മൂന്ന് എന്‍ജിനിയര്‍മാരും അഞ്ചു ഓപ്പറേറ്റര്‍മാരുമാണ് ഇതിലെ ജീവനക്കാര്‍. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തികളില്‍ പ്രധാന ജോലി നിര്‍വഹിക്കുക ശാന്തിസാഗര്‍ 12 എന്ന ബാര്‍ജായിരിക്കും. കടലിന്റെ അടിത്തട്ടിലെ കട്ടിയുള്ള പ്രതലത്തെയും ഭീമന്‍ പാറകളെ പൊട്ടിച്ച് തുരക്കുന്നതിന് സാധിക്കുന്ന ഉരുക്ക് നിര്‍മിതമായ സെമിറോക്ക് കട്ടറാണ് ഇതിലെ പ്രധാന സവിശേഷത. 22 മീറ്റര്‍ ആഴത്തില്‍ വരെ കുഴി എടുക്കാനുള്ള ശേഷി ഇതിനുണ്ട്. ഹോളണ്ട് നിര്‍മിതമായ ശാന്തി സാഗറില്‍ പതിമൂന്നും പതിനാറും സിലിണ്ടറുകള്‍ വീതമുള്ള രണ്ട് എന്‍ജിനുകളുടെ ശക്തതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
നാല് മീറ്റര്‍ നീളത്തിലുള്ള പൈപ്പില്‍ ഘടിപ്പിച്ചിട്ടുള്ള കട്ടര്‍ പാറയുടെ കടുപ്പമനുസരിച്ച് മാറ്റാന്‍ സാധിക്കും. പാറ പൊട്ടിച്ചും കടല്‍ കുഴിച്ച് ചാലുവെട്ടിയും വമ്പന്‍ കപ്പലുകളെ ഇവിടെ അടുപ്പിക്കാനുള്ള വാര്‍ഫും മറ്റ് അനുബന്ധ സംവിധാനങ്ങളും പണിയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മണിക്കൂറില്‍ 424 ലിറ്റര്‍ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രഡ്ജറില്‍ 40000 ലിറ്റര്‍വരെ ഡീസല്‍ സംഭരിക്കാനുള്ള രണ്ട് സംഭരണികളും ഉണ്ട്. ശാന്തിസാഗറില്‍ 365 ഉം ബിബി നാലില്‍ 80 ഉം (ഗ്രോസ് ടെണേജ്) വിസ്തൃതിയില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനു സാധിക്കും. 280 മീറ്റെര്‍ വരെ നീളമുള്ള ഫ്‌ലോട്ടിങ് പൈപ്പ് ലൈനുകലുമായുള്ള മൂന്നാമത്തെ ബാര്‍ജ് ഇന്ന് വിഴിഞ്ഞത്ത് എത്തുന്നുണ്ട്. ട്രഡ്ജിങ് ഇന്‍ചാര്‍ജ് തമിഴ്‌നാട് സ്വദേശി ജയേഷ് മുതലിയാറിന്റെ നേതൃത്വത്തില്‍ എന്‍ജിനിയര്‍മാരും ടെക്‌നീഷ്യന്‍ മാരുമടങ്ങുന്ന 50ഓളം ജീവനക്കാരാണ് ട്രഡ്ജിങ് ജോലികള്‍ക്കായി വിഴിഞ്ഞത്ത് എത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it