ട്രക്ക് ഉടമകള്‍ കരാര്‍വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് ; വല്ലാര്‍പാടം: തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്

കൊച്ചി: സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ രൂപംകൊടുത്ത കരാര്‍ വ്യവസ്ഥകള്‍ ട്രക്ക് ഉടമ സംഘടനകള്‍ ലംഘിച്ചെന്ന് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് വല്ലാര്‍പാടം തുറമുഖത്തെ കണ്ടെയ്‌നര്‍-ട്രക്ക് തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്കു നീങ്ങുന്നു.
തിരുവനന്തപുരത്തു നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ കണ്ടെയ്‌നര്‍-ട്രക്ക് ഉടമ സംഘടനകള്‍ തയ്യാറാവുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്കു നീങ്ങുന്നതെന്നും ട്രേഡ് യൂനിയന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി എസ് ആഷിക് ജനറല്‍ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ് എന്നിവര്‍ പറഞ്ഞു. കണ്ടെയ്‌നര്‍-ട്രെയ്‌ലര്‍ തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക, ഫെയര്‍വേജസ് നടപ്പാക്കുക, വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലെ ട്രക്ക് തൊഴിലാളികള്‍ ട്രേഡ് യൂനിയന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 10 മുതല്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. തുടര്‍ന്ന് ജില്ലാ തലത്തില്‍ ഒമ്പതു വട്ടം ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഈ മാസം 15ന് സംസ്ഥാന ലേബര്‍ കമ്മീഷണറും മറ്റുദ്യോഗസ്ഥരും കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് പ്രതിനിധികളുമുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത് തിരുവനന്തപുരത്തു നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തൊഴിലാളികള്‍ പണിമുടക്കു പിന്‍വലിച്ചത്.
വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിന് മൂന്നു മാസത്തിനുള്ളി ല്‍ സ്ഥിരം പാര്‍ക്കിങ് സൗകര്യം ഉറപ്പുവരുത്തുമെന്ന് തുറമുഖ ട്രസ്റ്റ് ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയിരുന്നു. അതുവരെ പാര്‍ക്കിങിന് താല്‍ക്കാലിക സൗകര്യങ്ങളൊരുക്കും. വിവിധ മേഖലകളിലേക്ക് വാഹനങ്ങള്‍ ഓടുന്നതിന് നിരക്കു നിശ്ചയിക്കാന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തുമെന്ന് യോഗത്തില്‍ കമ്മീഷണര്‍ അറിയിച്ചു. മൂന്നുമാസത്തിനകം നാറ്റ്പാക് വാടക നിശ്ചയിച്ചു നല്‍കണം. മൂന്നുമാസം വരെ തൊഴിലാളികളുടെ ബാറ്റയില്‍ താല്‍ക്കാലിക വര്‍ധനവു വരുത്തുന്ന തീരുമാനം യോഗം അംഗീകരിച്ചിരുന്നു.
ഇതുപ്രകാരം 40 അടി കണ്ടെയ്‌നര്‍ ഓടിക്കുന്ന ഡ്രൈവറുടെ ബാറ്റ 840 രൂപയില്‍ നിന്ന് 1050 രൂപയായി വര്‍ധിച്ചു. 20 അടി കണ്ടെയ്‌നറിലെ ഡ്രൈവറുടെ ബാറ്റ 683 രൂപയില്‍നിന്ന് 850 രൂപയായും നിജപ്പെടുത്തി. മറ്റു ദൂരങ്ങളിലേക്ക് മിനിമം 150 രൂപയുടെ വര്‍ധനവ് അംഗീകരിച്ചു. ദീര്‍ഘദൂര ഓട്ടത്തിന് ബാറ്റയില്‍ അഞ്ചുശതമാനം വര്‍ധനവും ഉണ്ടാവുമെന്നുമായിരുന്നു ചര്‍ച്ചയിലെ തീരുമാനം. തുടര്‍ന്ന് തൊഴിലാളികള്‍ സമരം പിന്‍വലിക്കുകയും അന്നുതന്നെ ചരക്ക് നീക്കം പുനരാംരംഭിക്കുകയും ചെയ്തിരുന്നു. കരാര്‍ ഒപ്പുവച്ച 15 മുതല്‍ ഈ വര്‍ധനവ് പ്രാബല്യത്തില്‍ വരുത്താനും ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ആറു ദിവസം കഴിഞ്ഞിട്ടും കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ട് ട്രക്കുടമകള്‍ പഴയ ബാറ്റ തന്നെയാണു നല്‍കുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ട്രേഡ് യൂനിയന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
കരാര്‍ലംഘനം നടത്തിയ ട്രക്കുടമകള്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടിയെടുക്കണമെന്ന് ലേബര്‍ കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരാര്‍പ്രകാരമുള്ള ബാറ്റ നല്‍കാത്ത ട്രക്കുടമകളുടെ വാഹനങ്ങള്‍ നാളെമുതല്‍ ബഹിഷ്‌കരിക്കന്‍ തൊഴിലാളികള്‍ തീരുമാനിച്ചതായും ഇവര്‍ പറഞ്ഞു. വാഹനങ്ങളുടെ പാര്‍ക്കിങുമായി ബന്ധപ്പെട്ട് കൊച്ചി തുറമുഖ ട്രസ്റ്റ് നല്‍കിയ വാഗ്ദാനങ്ങളും ഉറപ്പുകളും ലംഘിക്കുകയാണ്. വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിന് ബദല്‍ സംവിധാനമൊരുക്കുമെന്ന് പോര്‍ട് ട്രസ്റ്റ്ും ദുബയ് വേള്‍ഡും ഉറപ്പു നല്‍കിയതാണ്. എന്നാല്‍, ഒരാഴ്ച കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ എടുത്തിട്ടില്ല. ഇതുമൂലം വാഹനങ്ങള്‍ റോഡില്‍ തന്നെ പാര്‍ക്കുചെയ്യാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഇത്തരത്തില്‍ പാര്‍ക്കു ചെയ്ത വാഹനത്തിലിടിച്ച് കഴിഞ്ഞ ദിവസം രണ്ടു ബൈക്ക് യാത്രികര്‍ മരിച്ചിരുന്നു.
പോര്‍ട് ട്രസ്റ്റിന്റെ കുറ്റകരമായ അനാസ്ഥയാണിതിനു കാരണമെന്നും ഇവര്‍ പറഞ്ഞു. കരാറിലെ വ്യവസ്ഥകള്‍ ട്രെയിലറുടമകളെക്കൊണ്ടും പോര്‍ട് ട്രസ്റ്റിനെക്കൊണ്ടും അംഗീകരിപ്പിച്ചു നടപ്പാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന തൊഴില്‍വകുപ്പിനുണ്ടെന്നും വകുപ്പ് അതു നിറവേറ്റണമെന്നും ട്രേഡ് യൂനിയന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it