ernakulam local

ട്രക്കുടമകള്‍ ചരക്ക് നീക്കത്തിന് ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു

കൊച്ചി: സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നും ഫെയര്‍ വേജസ് നടപ്പാക്കണമെന്നും പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വല്ലാര്‍പാടം തുറമുഖത്ത് കണ്ടയ്‌നര്‍-ട്രെയ്‌ലര്‍ തൊഴിലാളികള്‍ നടത്തുന്ന സമരം അഞ്ചു ദിവസം പിന്നിട്ടു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വല്ലാര്‍പാടത്തു നിന്നും ട്രക്കുടമകള്‍ ചരക്കു നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. കൊച്ചിന്‍ കണ്ടെയ്‌നര്‍ കാരിയര്‍ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലിസ് സംരക്ഷണയില്‍ മൂന്ന് ട്രക്കുടമകള്‍ ടെര്‍മിനലില്‍ നിന്നും ലോറികള്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും സമരത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ തടഞ്ഞു തുടര്‍ന്ന് 80 ഓളം തൊഴിലാളികളെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തു നീക്കി. പിന്നീട് ലോഡുകളുമായി പുറപ്പെട്ട ലോറികളെ കണ്ടെയ്‌നര്‍ റോഡില്‍ ടോള്‍ ബൂത്തിന് സമീപം വച്ച് സമരത്തിന് നേതൃത്വം നല്‍കുന്ന ട്രേഡ് യൂണിയന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ചാള്‍സ് ജോര്‍ജും മറ്റു രണ്ടുപേരും ചേര്‍ന്ന് വീണ്ടും തടഞ്ഞു.
ഇവരെയും അറസ്റ്റു ചെയ്തു നീക്കിയ ശേഷമാണ് ചരക്കുകളുമായി ഉടമകള്‍ക്ക് പോകാനായത്. അറസ്റ്റു ചെയ്ത തൊഴിലാളികളെ സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിച്ച ശേഷം പിന്നീട് വിട്ടയച്ചു. സമരം ഒത്തു തീര്‍ക്കുന്നതിനായി ജില്ലാ കലക്ടര്‍ ശനിയാഴ്ച രാത്രി വിളിച്ചുചേര്‍ത്ത അനുരഞ്ജനയോഗം പരാജയപ്പെട്ടിരുന്നു തുടര്‍ന്ന് ഇന്ന് ലേബര്‍ കമ്മിഷണര്‍ തിരുവനന്തപുരത്ത് സമരക്കാരെയും ട്രക്കുടമകളെയും ചര്‍ച്ചക്കു വിളിച്ചിട്ടുണ്ട് ചര്‍ച്ചയില്‍ തീരൂമാനമായില്ലെങ്കില്‍ സമരം ശക്തമായി തന്നെ തുടരുമെന്ന് ട്രേഡ് യൂണിയന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ് പറഞ്ഞു.
Next Story

RELATED STORIES

Share it