World

ട്രംപ് വിമര്‍ശകര്‍ക്ക് തപാല്‍ ബോംബ് അയച്ചയാള്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശകര്‍ക്ക് തപാല്‍ ബോംബുകള്‍ അയച്ച ആള്‍ ഫ്‌ളോറിഡയില്‍ അറസ്റ്റില്‍. 56കാരനായ സീസര്‍ സയോക് ആണ് അറസ്റ്റിലായത്. അമച്വര്‍ ബോഡി ബില്‍ഡറാണ് സീസര്‍ സയോക്. പൈപ്പ് ബോംബുകള്‍ കവറിലാക്കി 12ലധികം പേര്‍ക്കാണ് പ്രതി അയച്ചത്.
യുഎസ് മുന്‍ പ്രസിഡന്റുമാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെ അഞ്ചു കേസുകള്‍ ഇയാള്‍ക്കെതിരേ പോലിസ് എടുത്തിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, ക്ലിന്റണ്‍, സിനിമാതാരം റോബര്‍ട്ട് ഡി നിറോ ഉള്‍പ്പെടെ 14 പേര്‍ക്കാണ് കഴിഞ്ഞദിവസങ്ങളില്‍ ഇയാള്‍ തപാല്‍ ബോംബ് അയച്ചത്.
ഫ്‌ളോറിഡയില്‍ നിന്നും ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും രണ്ടു തപാല്‍ ബോംബുകള്‍ കണ്ടെത്തിയതായി പോലിസ് അറിയിച്ചു. രണ്ട് കത്തുകള്‍ കാലഫോര്‍ണിയയില്‍ നിന്നു കണ്ടെത്തി. ഡെമോക്രാറ്റ് അനുകൂലിയായ കോടീശ്വരന്‍ ടോം സ്റ്റീയറിനും സെനറ്റര്‍ കാമല ഹാരിസിനും തപാല്‍ ബോംബ് ലഭിച്ചതായി റിപോര്‍ട്ട് ഉണ്ട്.
യുഎസ് മധ്യകാല തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടാഴ്ചകള്‍ മാത്രം ശേഷിക്കെ തപാല്‍ ബോംബ് സംഭവം ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പ്രതി റിപബ്ലിക്കന്‍ പാര്‍ട്ടി അനുഭാവിയാണെന്നും 2016-17ല്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ പങ്കെടുത്തിരുന്നതായും യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നിന്ദ്യമായ ഇത്തരം പ്രവൃത്തികള്‍ക്ക് രാജ്യത്തു സ്ഥാനമില്ലെന്ന് യുഎസ് പ്രസിഡന്റ് പ്രതികരിച്ചു.
അതേസമയം, ട്രംപ് വിമര്‍ശകര്‍ ജാഗ്രതപുലര്‍ത്തണമെന്ന് മുന്‍ ഇന്റലിജന്‍സ് ചീഫ് ജെയിംസ് ക്ലാപ്പര്‍ മുന്നറിയിപ്പ് നല്‍കി. ഫ്‌ളോറിഡയില്‍ വച്ചാണ് സീസര്‍ അറസ്റ്റിലാവുന്നത്. കത്തുകളിലൊന്നില്‍ പ്രതിയുടെ വിരലടയാളം പതിഞ്ഞതാണ് പോലിസിന് സഹായകമായത്. 48 വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. 2002ല്‍ ബോംബ് നിര്‍മാണത്തിനിടെ സോയകിനെ അറസ്റ്റ് ചെയ്തിരുന്നതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it