World

ട്രംപ്-കിം കൂടിക്കാഴ്ച: സുരക്ഷ ഒരുക്കാന്‍ ഗൂര്‍ഖാ സൈനികരും

സിംഗപ്പൂര്‍: യുഎസ്് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെയും ചരിത്രപരമായ കൂടിക്കാഴ്ചയ്ക്കു സുരക്ഷ ഒരുക്കാന്‍ ഗൂര്‍ഖാ കമാന്‍ഡോകളും.
കൂടിക്കാഴ്ചയ്‌ക്കെത്തുന്ന ഇരുനേതാക്കള്‍ക്കുമൊപ്പം സ്വന്തം സുരക്ഷാ സംഘവുമുണ്ടാവും. കൂടാതെയാണു സിംഗപ്പൂര്‍ പോലിസിന്റെ ഗൂര്‍ഖാസംഘം അടങ്ങിയ വിഭാഗം. സമ്മേളനം നടക്കുന്ന പ്രദേശത്തിന്റെ  സുരക്ഷാ ചുമതല ഇവര്‍ക്കായിരിക്കും.കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരടക്കമുള്ള രാഷ്ട്രത്തലവന്‍മാര്‍ സിംഗപ്പൂരിലെത്തിയപ്പോഴും സുരക്ഷയ്ക്കായി ഗൂര്‍ഖകളെ നിയമിച്ചിരുന്നു. ഗൂര്‍ഖകള്‍ തങ്ങളുടെ സൈന്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഏത് സാഹചര്യങ്ങളെയും നേരിടാനുള്ള പരിശീലനം അവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സിംഗപ്പൂര്‍ സൈനിക വിഭാഗം വക്താവ് ടിം ഹക്‌സ്‌ലീ അറിയിച്ചു.
പരമ്പരാഗതമായി ഏറ്റവും മികച്ച പോരാളികളായാണു ഗൂര്‍ഖകളെ കണക്കാക്കുന്നത്. ഇന്ത്യയിലെ നേപ്പാളില്‍ നിന്നുള്ള ഗൂര്‍ഖകളെ കോളനി ഭരണകാലത്തു ബ്രിട്ടീഷുകാരാണു സിംഗപ്പൂരിലെത്തിച്ചത്. 200 വര്‍ഷം മുമ്പെത്തിയ അവരുടെ പിന്‍മുറക്കാരാണ് ഇപ്പോഴുള്ളത്. നിലവില്‍ 1800 ഗുര്‍ഖകളാണു സിംഗപ്പൂര്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നത്. നേപ്പാള്‍, ഇന്ത്യ, ബ്രിട്ടണ്‍, ബ്രൂണെ എന്നീ രാജ്യങ്ങളിലും ഗൂര്‍ഖകള്‍ സൈനിക സേവനമനുഷ്ഠിക്കുന്നുണ്ട്. ജൂണ്‍ 12നു സിംഗപ്പൂരില്‍ ആണ് ട്രംപ്-കിം ഉച്ചകോടി നടക്കുക.
Next Story

RELATED STORIES

Share it