World

ട്രംപ്-കിം ഉച്ചകോടി 12ന്‌സിംഗപ്പൂരില്‍ വ്യോമ നിയന്ത്രണം

സിംഗപ്പൂര്‍ സിറ്റി: ഈ മാസം 12ന് ട്രംപ്-കിം ഉച്ചകോടിക്കു മുന്നോടിയായി അടുത്തയാഴ്ച സിംഗപ്പൂരില്‍ വ്യോമയാന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സിംഗപ്പൂര്‍ ഏവിയേഷന്‍ വകുപ്പ് അറിയിച്ചു. ലോകം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഉച്ചകോടിയുടെ മുന്നോടിയായി രാജ്യത്ത് വന്‍ സുരക്ഷയാണ്  ഏര്‍പ്പെടുത്തിയിരിക്കുന്നത്.
11, 12, 13 തിയ്യതികളില്‍ സിംഗപ്പൂരിന്റെ വ്യോമാതിര്‍ത്തിയിലുള്ള സര്‍വീസുകള്‍ക്ക് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍, യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുടെ വെബ്‌സൈറ്റില്‍ അറിയിച്ചു. പ്രസ്തുത ദിവസങ്ങളില്‍ സിംഗപ്പൂരിലെ ചാങ്കി വിമാനത്താവളത്തിലെത്തുന്ന എല്ലാ വിമാനങ്ങളും വേഗം കുറയ്ക്കണമെന്നും റണ്‍വേ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
ഈ ദിവസങ്ങളില്‍ സിംഗപ്പൂരിലെ പയാ ലീബര്‍ എയര്‍ബെയ്‌സിലേക്കും സര്‍വീസ് നടത്തരുതെന്നും അറിയിപ്പില്‍ പറയുന്നു. നിയന്ത്രണം ലംഘിച്ച് വ്യോമപാതയിലെത്തുന്ന വിമാനങ്ങള്‍ വെടിവച്ചിടാന്‍ സാധ്യതയുണ്ടെന്നും നോട്ടില്‍ വ്യക്തമാക്കി.
ഉച്ചകോടിയുടെ മുന്നോടിയായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ യുഎസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തും. അടുത്തയാഴ്ച നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജപ്പാന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വീണ്ടും ട്രംപിന്റെ ശ്രദ്ധയില്‍ പെടുത്താനാണ് യാത്ര. ജി-7 ഉച്ചകോടിക്കായി കാനഡയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ആബെ രണ്ടു മണിക്കൂര്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തും.
Next Story

RELATED STORIES

Share it