Editorial

ട്രംപിന്റേത് മുഴുത്ത യുദ്ധക്കൊതി

ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും ലോകത്തെങ്ങുമുള്ള സമാധാനകാംക്ഷികളെ അലോസരപ്പെടുത്തുന്ന ഒന്നാണ്. മധ്യപൗരസ്ത്യത്തില്‍ പൊടുന്നനെ യുദ്ധത്തിന്റെ കാര്‍മേഘം ഉരുണ്ടുകൂടുന്നതിനാണ് ഈ കീഴ്‌മേല്‍ മറിച്ചില്‍ കാരണമായിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് ആണവകരാറില്‍ നിന്നു പിന്‍വലിയാനും ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം കടുത്തനിലയില്‍ പുനസ്ഥാപിക്കാനുമുള്ള തന്റെ തീരുമാനം പ്രസിഡന്റ് ട്രംപ് പ്രഖ്യാപിക്കുന്നത്. കരാറിന്റെ കടുത്ത വിമര്‍ശകനായിരുന്ന ട്രംപ് തിരഞ്ഞെടുപ്പ് റാലികളില്‍ കരാറില്‍നിന്നു പിന്‍വാങ്ങുമെന്നു തന്റെ അനുയായികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. കരാര്‍ അണുബോംബ് നിര്‍മിക്കുന്നതില്‍ നിന്ന് ഇറാനെ തടയാന്‍ പര്യാപ്തമല്ലെന്ന വാദം ഉയര്‍ത്തിയായിരുന്നു ട്രംപിന്റെ വിമര്‍ശനം.
2015ല്‍ അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമ മുന്‍കൈയെടുത്താണ് ജോയിന്റ് കോംപ്രഹെന്‍സിവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെസിപിഎ) എന്നു പേരിട്ട ആണവകരാര്‍ ഒപ്പിട്ടത്. അമേരിക്കയ്ക്കു പുറമേ ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മനി, ചൈന, റഷ്യ എന്നീ രാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചു. തന്റെ വംശീയബോധത്തില്‍ ഊന്നിയ മുന്‍വിധികള്‍ അല്ലാതെ കരാറില്‍ നിന്നു പിന്‍വാങ്ങാന്‍ യുക്തമായ കാരണങ്ങളൊന്നും ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവയ്ക്കുന്നില്ല. അതിനായി സമ്മര്‍ദം ചെലുത്തിയിരുന്ന ഇസ്രായേലിനു പുറമേ, അമേരിക്കയുടെ സാമന്തരാഷ്ട്രങ്ങളായ സൗദി അറേബ്യ, യുഎഇ പോലുള്ള ചില ഭരണകൂടങ്ങള്‍ മാത്രമേ ട്രംപിന്റെ പ്രഖ്യാപനത്തെ പിന്തുണയ്ക്കാന്‍ മുന്നോട്ടുവന്നിട്ടുള്ളൂ.
ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും സംയുക്തമായി ട്രംപിന്റെ തീരുമാനത്തി നെതിരേ രംഗത്തുവന്നു. കരാറില്‍ തുടരുമെന്നും ഈ രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മധ്യപൗരസ്ത്യദേശം ആണവ മല്‍സരവേദിയാവാതിരിക്കാന്‍ അതു മാത്രമാണു പോംവഴി എന്നാണ് അവരുടെ നിലപാട്. റഷ്യ അതിരൂക്ഷമായാണ് ട്രംപിന്റെ നീക്കത്തോട് പ്രതികരിച്ചത്. അമേരിക്ക അതിന്റെ ഇടുങ്ങിയതും അവസരവാദപരവുമായ സമീപനങ്ങളിലൂടെ അന്താരാഷ്ട്ര ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തുകയാണെന്നു റഷ്യ ആരോപിക്കുന്നു.
ആണവകരാറില്‍ നിന്നു പിന്‍മാറുന്നത് അമേരിക്കയുടെ വിശ്വാസ്യതയെ തകര്‍ക്കുകയും ലോകശക്തികളില്‍ നിന്ന് രാജ്യത്തെ ഒറ്റപ്പെടുത്തുകയും ചെയ്യുമെന്നും ബറാക് ഒബാമ പറയുന്നു. കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതില്‍ യുഎന്നും കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍, അരക്കിറുക്കനെന്നു വിമര്‍ശകര്‍ മാത്രമല്ല പ്രമുഖ മനശ്ശാസ്ത്രജ്ഞര്‍പോലും വിരല്‍ചൂണ്ടിയ ഒരാളുടെ കൈയിലാണ് ഹൈഡ്രജന്‍ ബോംബടക്കമുള്ള ലോകത്തെ ഏറ്റവും വലിയ സൈനികസന്നാഹത്തിന്റെ  താക്കോല്‍ എന്നത് അസ്വസ്ഥത ഉളവാക്കുന്നൊരു യാഥാര്‍ഥ്യമാണ്. യുഎസിനോ ഇസ്രായേലിനോ നിയന്ത്രിക്കാന്‍ പറ്റാത്ത സംഘര്‍ഷമായിരിക്കും ഇത്തരം മണ്ടന്‍ നീക്കങ്ങളുടെ പരിണിതഫലം.
Next Story

RELATED STORIES

Share it