World

ട്രംപിന്റെ സഹായി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണം

വാഷിങ്ടണ്‍: 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ടു സാക്ഷികളെ സ്വാധീനിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സഹായി പോള്‍ മാന്‍ഫോര്‍ട്ട് ശ്രമിച്ചതായി യുഎസ് പ്രോസിക്യൂട്ടര്‍ ആരോപിച്ചു.
ട്രംപിന്റെ തിരഞ്ഞെടുപ്പു കാംപയിന്‍ മുന്‍ ചെയര്‍മാനായിരുന്ന മാന്‍ഫോര്‍ട്ടിനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍, ബാങ്കിനെ കബളിപ്പിക്കല്‍, സാക്ഷികളെ നിയമവിരുദ്ധമായി സ്വാധീനിക്കാന്‍ ശ്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്നാണു പ്രോസിക്യൂട്ടര്‍ കോടതിയോട്് ആവശ്യപ്പെട്ടത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന സ്‌പെഷ്യന്‍ കൗണ്‍സില്‍ റോബര്‍ട്ട് മുള്ളറാണ് ഈ ആവശ്യമുന്നയിച്ചു കോടതിയെ സമീപിച്ചത്്. മാന്‍ഫോര്‍ട്ട് സാക്ഷികളെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ഫോണിലൂടെ രഹസ്യകോഡില്‍ സന്ദേശം അയച്ചതായും പറയുന്നു. മാന്‍ഫോര്‍ട്ടിന്റെ നടപടികള്‍ ജാമ്യവ്യവസ്ഥയുടെ ലംഘനമെന്നും വിചാരണാവേളയില്‍ ജയിലില്‍ പാര്‍പ്പിക്കേണ്ടിവരുമെന്നും മുള്ളര്‍ അറിയിച്ചു. 2017 ഒക്ടോബര്‍ മുതല്‍ അദ്ദേഹം വീട്ടുതടങ്കലിലാണ്.
അതേസമയം സപ്തംബര്‍ 17നു മുള്ളറിന്റെ അന്വേഷണത്തില്‍ കേസിന്റെ ആദ്യ വിചാരണ തുടങ്ങാനിരിക്കെ പണം കടത്തല്‍, സാക്ഷികളെ സ്വാധീനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തരുതെന്നു മാന്‍ഫോര്‍ട്ട് കോടതിയോട് അപേക്ഷിച്ചു. ജൂലൈ 10ന് പ്രത്യേക വിചാരണ നടക്കുന്നതിനാല്‍ നികുതി വെട്ടിപ്പ്, ബാങ്കിനെ കബളിപ്പിക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തരുതെന്നു കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മുള്ളറുടെ നേതൃത്വത്തില്‍ അന്വേഷണം രണ്ടാം വര്‍ഷത്തിലേക്കു കടന്നിരിക്കുകയാണ്.
റഷ്യന്‍ ഇടപെടല്‍ കേസില്‍ തനിക്ക് സ്വയം മാപ്പു നല്‍കാന്‍ അധികാരമുണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പക്ഷേ താന്‍ തെറ്റായി ഒന്നും ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it