ട്രംപിന്റെ വിവാദ പ്രസ്താവന: വിമര്‍ശനവുമായി ബോക്‌സിങ് ഇതിഹാസം മുഹമ്മദലി

വാഷിങ്ടണ്‍: മുസ്‌ലിംകള്‍ യുഎസിലേക്കു പ്രവേശിക്കുന്നതു തടയണമെന്ന യുഎസിലെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനെതിരേ വിമര്‍ശനവുമായി ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയും. മുസ്‌ലിംകളില്‍ നിന്നു പലതും പഠിക്കാനുണ്ടെന്നും മതത്തെ മാറ്റിനിര്‍ത്തുകയല്ല ആഴത്തില്‍ പഠിക്കുകയാണ് വേണ്ടതെന്നും ട്രംപിന്റെ പേര് പരാമര്‍ശിക്കാതെ അലി വ്യക്തമാക്കി.
ഇസ്‌ലാമിനെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ക്കെതിരേ മുസ്‌ലിംകള്‍ അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നു തവണ ലോക ഹെവി വെയ്റ്റ് ബോക്‌സിങ് ചാംപ്യനായ 73കാരനായ അലി ലോകത്തെ ഏറ്റവും പ്രസിദ്ധരായ മുസ്‌ലിംകളില്‍ ഒരാളാണ്. വിമര്‍ശനമുയര്‍ന്നിട്ടും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. ഐഎസ് പ്രവര്‍ത്തനങ്ങളെയും അലി വിമര്‍ശിച്ചു. ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു മുസ്‌ലിമും അനുകൂലിക്കുന്നില്ല. ഐഎസ് ചെയ്യുന്നത് കിരാതമായ നടപടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇസ്‌ലാംമതത്തെ വികലമാക്കി ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുകയാണ് ഐഎസ് ചെയ്യുന്നതെന്നും മുഹമ്മദലി ആരോപിച്ചു. വംശീയാധിക്ഷേപത്തിന്റെ ഭാഗമായി ട്രംപിനെ അയോഗ്യനാക്കണമെന്ന് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it