World

ട്രംപിന്റെ ലണ്ടന്‍ സന്ദര്‍ശനം റദ്ദാക്കി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫെബ്രുവരിയില്‍ നടത്താനിരുന്ന ലണ്ടന്‍ സന്ദര്‍ശനം റദ്ദാക്കി. ബ്രിട്ടന്‍ തലസ്ഥാന നഗരിയിലെ യുഎസ് എംബസി വിറ്റ ഒബാമ ഭരണകൂടത്തിന്റെ നടപടിയില്‍ നിരാശയുള്ളതുകൊണ്ടാണ് താന്‍ ട്രിപ്പ് റദ്ദാക്കിയതെന്നാണ് ട്രംപിന്റെ വിശദീകരണം. ലണ്ടനിലെ ഏറ്റവും  നല്ല സ്ഥലത്ത് സ്ഥിതിചെയ്തിരുന്ന യുഎസ് എംബസി വളരെ തുച്ഛമായ വിലയ്ക്കു വില്‍ക്കുകയും  കോടികള്‍ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മിക്കുകയും ചെയ്ത ഒബാമ ഭരണകൂടത്തിന്റെ ആരാധകനല്ല താനെന്നും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.
എന്നാല്‍ 2009ല്‍ ഒബാമ അധികാരം ഏറ്റെടുക്കുന്നതിനു മുമ്പാണ് ബ്രിട്ടനിലെ യുഎസ് എംബസി മാറ്റാന്‍ തീരുമാനിച്ചിരുന്നത്. 2008 ഒക്‌ടോബറിലാണ് ഇത് തീരുമാനിച്ചതെന്നു ബ്രിട്ടനിലെ യുഎസ് എംബസി അധികൃതര്‍ അറിയിച്ചു.
ലണ്ടനിലെ പുതിയ യുഎസ് എംബസി ട്രംപ് ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തേ കരുതിയിരുന്നത്. ലണ്ടനിലെത്തുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിരുന്നു.   ട്രംപ് ലണ്ടനിലെ തീവ്ര വലതുപക്ഷ വിഭാഗത്തിന്റെ മുസ്‌ലിംവിരുദ്ധ പോസ്റ്റുകള്‍ ട്വിറ്ററില്‍ പങ്കുവച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന്, ലണ്ടനിലേക്ക് ട്രംപിനെ സ്വാഗതം ചെയ്യില്ലെന്നു മേയര്‍ സാദിഖ് ഖാന്‍ അറിയിച്ചിരുന്നു. വ്യാപക പ്രതിഷേധം ഭയന്നാണ് ട്രംപ് സന്ദര്‍ശനം മാറ്റിവച്ചതെന്നും റിപോര്‍ട്ടുകളുണ്ട്.
Next Story

RELATED STORIES

Share it