Flash News

ട്രംപിന്റെ പ്രചാരണത്തില്‍ റഷ്യയുടെ പങ്ക് : ജെയിംസ് കോമി കൂടുതല്‍ തെളിവ് ആവശ്യപ്പെട്ടതായി സെനറ്റ് അംഗങ്ങള്‍



വാഷിങ്ടണ്‍: പുറത്താക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണത്തില്‍ റഷ്യയുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ടതായി വിവരം. സെനറ്റ് പ്രതിനിധികളാണ് വാര്‍ത്ത പുറത്തുവിട്ടത്. ജോലിയിലെ കൃത്യവിലോപം ആരോപിച്ച് കോമിയെ എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ ട്രംപ് റിപബ്ലിക്കന്‍ സാമാജികരില്‍ നിന്നും തന്റെ പാര്‍ട്ടിയിലെ  ചില അംഗങ്ങളില്‍നിന്നും രൂക്ഷമായ വിമര്‍ശനം നേരിടുകയാണ്. പ്രചാരണത്തില്‍ റഷ്യയുടെ പങ്ക്  അന്വേഷിക്കുന്നതാണ് കോമിയെ നീക്കാന്‍ കാരണമെന്നും ഇവര്‍ ആരോപിക്കുന്നു. അതിനിടെ വൈറ്റ്ഹൗസില്‍ റഷ്യന്‍ വിദേശകാര്യമന്ത്രിയുമായി ട്രംപ് ചര്‍ച്ച നടത്തിയതും ഏറെ വിമര്‍ശനത്തിനിടയാക്കി. റഷ്യന്‍ വിഷയത്തില്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ അന്വേഷണത്തിനു ശേഷം  അന്വേഷണം വേഗത്തിലാക്കാന്‍ ആവശ്യപ്പട്ടതായി അദ്ദേഹം സാമാജികരെ അറിയിച്ചിരുന്നതായും സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ മുതിര്‍ന്ന അംഗം ദ്യാന്നെ ഫീന്‍സ്റ്റീന്‍ പറഞ്ഞു. കാരണങ്ങള്‍ എന്തായാലും പ്രസിഡന്റിന് എഫ്ബിഐ ഡയറക്ടറെ മാറ്റാന്‍ അധികാരമുണ്ട്. കാരണമില്ലെങ്കില്‍ കൂടിയും മാറ്റാവുന്നതാണെന്നും തന്റെ വിടവാങ്ങല്‍ സന്ദേശത്തില്‍ കോമി സഹപ്രവര്‍ത്തകരെ അറിയിച്ചു. എന്തായാലും അതേക്കുറിച്ചോ അത് നടപ്പാക്കപ്പെട്ട രീതിയെക്കുറിച്ചോ ചിന്തിച്ച് സമയം ചെലവഴിക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ലെന്നും മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നോമിനിയായ കോമി കൂട്ടിച്ചേര്‍ത്തു. എഫ്ബിഐ തന്റെ നിയന്ത്രണത്തിലാക്കാനാണ് നടപടിയിലൂടെ ട്രംപ് ലക്ഷ്യമാക്കുന്നതെന്ന് ഡെമോക്രാറ്റിക് ക്യാംപ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റഷ്യയുടെ പങ്ക് സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.  ഹിലരി ക്ലിന്റന്‍ ഇ-മെയില്‍ കേസ് അന്വേഷണം മോശമായി കൈകാര്യം ചെയ്തുവെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം ട്രംപ് കോമിയെ പുറത്താക്കിയത്്.അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ റഷ്യയുടെ പങ്ക് അന്വേഷിക്കുന്ന സെനറ്റ് പാനല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ളെയിനില്‍ നിന്നു രേഖകള്‍ ആവശ്യപ്പെട്ട് അസാധാരണ നോട്ടീസ് അയച്ചു. ഫ്‌ളെയിന്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി അറിയിച്ചു. റഷ്യന്‍ നയതന്ത്ര പ്രതിനിധികളുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഫ്‌ളെയിന്‍ നേരത്തേ തയ്യാറായിരുന്നില്ല.
Next Story

RELATED STORIES

Share it