World

ട്രംപിനെ വിമര്‍ശിച്ച് ഒബാമ

ഇല്ലിനോയ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ വിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. വിദ്വേഷത്തിന്റെയും ഭീതിയുടെയും രാഷ്ട്രീയമാണ് ട്രംപ് നടപ്പാക്കുന്നതെന്ന് ഒബാമ അഭിപ്രായപ്പെട്ടു. ഇല്ലിനോയ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ശേഷം ഒബാമ നടത്തുന്ന ആദ്യത്തെ പ്രധാന രാഷ്ട്രീയ പ്രസംഗമാണിത്. വര്‍ഷങ്ങളായി രാഷ്ട്രീയക്കാര്‍ വിതച്ചുകൂട്ടിയ വെറുപ്പിനെ മുതലെടുക്കുകയാണ് ട്രംപ് ചെയ്യുന്നതെന്ന് ഒബാമ വിമര്‍ശിച്ചു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന് റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ സ്ഥാനം ലഭിച്ചതു നിര്‍ഭാഗ്യകരമാണ്. യുഎസ് ജനാധിപത്യത്തിനു ട്രംപും അദ്ദേഹത്തിന്റെ രീതികളും ഭീഷണിയാണെന്നും ഒബാമ അഭിപ്രായപ്പെട്ടു. പ്രസംഗത്തില്‍ ട്രംപിനെ പേരെടുത്തു വിമര്‍ശിക്കാന്‍ ഒബാമ തയ്യാറായി.രണ്ടുതവണ ട്രംപിന്റെ പേരെടുത്തു പറഞ്ഞും അല്ലാത്തപ്പോള്‍ നേരിട്ടല്ലാത്ത സൂചനകള്‍ നല്‍കിയുമായിരുന്നു വിമര്‍ശനം. ട്രംപില്‍ നിന്നു മാത്രമല്ല ഈ രാഷ്ട്രീയം തുടങ്ങുന്നതെന്നു പറഞ്ഞ ഒബാമ ട്രംപിന്റേത് രോഗലക്ഷണമാണെന്നും അതിന്റെ കാരണമല്ലെന്നും അഭിപ്രായപ്പെട്ടു. തങ്ങളുടെ വോട്ടിന് വലിയ വിലയില്ലെന്നും തിരഞ്ഞെടുപ്പുകള്‍ക്ക് പ്രസക്തിയില്ലെന്നും ചിന്തിക്കുന്ന യുവാക്കളുണ്ടെങ്കില്‍ അവരുടെ ആ ധാരണ മാറ്റാന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിന് കഴിഞ്ഞിട്ടുണ്ടാവുമെന്നാണ് താന്‍ വിശ്വസിക്കുന്നത്.ട്രംപിനെതിരേ ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന പ്രസിഡന്റിന്റെ ഉത്തരവുകള്‍ പാലിക്കാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ വൈറ്റ്ഹൗസിലുണ്ട് എന്നതുകൊണ്ടു മാത്രം എല്ലാം ശരിയാവുമെന്ന വിശ്വാസം നല്ലതല്ലെന്നും ഇതല്ല ജനാധിപത്യ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒബാമയുടെ വിമര്‍ശനങ്ങളോടുള്ള റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. ഒബാമയുടെ നയങ്ങളെ തള്ളിയാണ് ട്രംപിനെ യുഎസ് ജനത അധികാരത്തിലേറ്റിയതെന്ന് പാര്‍ട്ടി അഭിപ്രായപ്പെട്ടു.സാമ്പത്തിക പുരോഗതി, പുതിയ ജോലികള്‍, ചരിത്രപരമായ നികുതി ഇളവുകള്‍ തുടങ്ങി ട്രംപ് മുന്നോട്ടുവച്ച ആശയങ്ങള്‍ യുഎസ് ജനത അംഗീകരിച്ചതായും പാര്‍ട്ടി അഭിപ്രായപ്പെട്ടു. ഒബാമയുടെ പ്രസംഗം കേട്ട് തനിക്ക് ഉറക്കം വന്നെന്നും ഉറങ്ങാന്‍ നല്ല മാര്‍ഗം ഒബാമയുടെ പ്രസംഗം കേള്‍ക്കുകയാണെന്നും ട്രംപും അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it