World

ട്രംപിനെ വാനോളം പുകഴ്ത്തി വഌദിമിര്‍ പുടിന്‍

മോസ്‌കോ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വാനോളം പുകഴ്ത്തിയും എതിരാളികളെ പരിഹസിച്ചും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എതിരാളികള്‍ കെട്ടിച്ചമച്ച അപസര്‍പ്പക കഥകളുടെ പിടിയിലാണു യുഎസ് എന്നും എന്നാല്‍ യുഎസുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നാണു താന്‍ പ്രതീക്ഷിക്കുന്നതെന്നും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പറഞ്ഞു. താന്‍ ആദ്യമായല്ല ട്രംപുമായി ബന്ധപ്പെടുന്നത്്. ട്രംപിന്റെ ഭരണത്തെ വിലയിരുത്താന്‍ താന്‍ ആളല്ല. അതു യുഎസിലെ വോട്ടര്‍മാരാണ് ചെയ്യേണ്ടത്. എന്നാല്‍ ചുരുങ്ങിയ കാലത്തിനിടയ്ക്കു ചില പ്രധാന കാര്യങ്ങളും അദ്ദേഹം നിറവേറ്റി. വിപണിയുടെ വളര്‍ച്ച ശ്രദ്ധിക്കുക, യുഎസ് വിപണിയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസമാണ് അതു തെളിയിക്കുന്നതെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ഷിക വാര്‍ത്താസമ്മേളനത്തിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്നും പുടിന്‍ വ്യക്തമാക്കി.  2016ല്‍ നടന്ന യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപിന്റെ വിജയത്തിനായി റഷ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ ഇ-മെയില്‍ ചോര്‍ത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ആരോപണം റഷ്യ നിഷേധിച്ചിരുന്നെങ്കിലും യുഎസ്  കോണ്‍ഗ്രസ്സിന്റെ പ്രത്യേക സമിതി ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയാണ്.
Next Story

RELATED STORIES

Share it