Flash News

ട്രംപിനെതിരേ 57 മുസ്ലീം രാജ്യങ്ങളുടെ ഉച്ചകോടി

ട്രംപിനെതിരേ 57 മുസ്ലീം രാജ്യങ്ങളുടെ ഉച്ചകോടി
X
ഇസ്താംബൂള്‍: പലസ്തീന്‍ രാഷ്ട്രത്തേയും തലസ്ഥാനമായി ജറുസലേമിനെയും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട 57 മുസ്‌ലിം രാജ്യങ്ങളുടെ ഉച്ചകോടി. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി നീതിയുക്തമല്ലയെന്ന് ഓര്‍ഗൈനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍ പറഞ്ഞു. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ചേര്‍ന്ന ഉച്ചകോടിയിലാണ് പ്രഖ്യാപനമുണ്ടായത്. ഇസ്രായേലിന്റെ പക്ഷം പിടിച്ച് അമേരിക്കയ്ക്ക് ഇനി പശ്ചിമേഷ്യന്‍ സമാധാന സംരക്ഷണത്തിനായി പ്രവര്‍ത്തിക്കാനുള്ള അര്‍ഹതയില്ലെന്ന അഭിപ്രായമാണ് ഉച്ചകോടിയില്‍ ഉയര്‍ന്നുവന്നത്.



പലസ്തീന്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്കുനേരേയുള്ള ആക്രമണമാണ് ട്രംപിന്റെ പ്രസ്താവനയെന്നാണ് ഉച്ചകോടിയില്‍ പ്രതിനിധികള്‍ പറഞ്ഞത്. ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യാഘാതത്തിന് അമേരിക്ക ഉത്തരം നല്‍കേണ്ടി വരുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍പലസ്തീന്‍ സമാധാന ശ്രമങ്ങളില്‍ നിന്ന് അമേരിക്ക പിന്‍മാറിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

സ്വന്തം ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെടാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാവണമെന്ന് ഉച്ചകോടിയില്‍ ആഹ്വാനം ചെയ്യപ്പെട്ടു. പലസ്തീന്‍ വിഷയം ഐക്യരാഷ്ട്രസഭ എറ്റെടുക്കണമെന്നും ഇടനിലക്കാരനായി അമേരിക്കയെ അംഗീകരിക്കാന്‍ കഴിയില്ലെന്നും പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു.

ഇസ്രായേലിനെ പിന്തുണച്ചുള്ള ട്രംപിന്റെ പ്രസ്താവനക്കെതിരെ ലോകത്തെങ്ങും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ അവസരത്തിലാണ് മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഉച്ചകോടി നടന്നത്.

പലസ്തീന്‍ രാജ്യം സ്ഥാപിതമാകുമ്പോള്‍ കിഴക്കന്‍ ജറുസലേമായിരുന്നു തലസ്ഥാനമായി കണക്കാക്കിയിരുന്നത്. എന്നാല്‍ 1967 ല്‍ നടന്ന യുദ്ധത്തോടെ ഇസ്രായേല്‍ കൈയ്യേറിയ ജറുസലേം തങ്ങളുടെ തലസ്ഥാനമാമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇസ്രായേല്‍ കൈയടക്കിയ കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കാന്‍ പലസ്തീനിന് അവകാശമുണ്ടെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. മാത്രമല്ല ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണണമെന്നും മാത്രമല്ല സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രപ്രഖ്യാപനം നടത്തണമെന്നും സൗദി രാജാവ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it