ട്രംപിനെതിരേ ആഞ്ഞടിച്ച് മാര്‍ക് റൂബിയോ

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ പോരാട്ടത്തില്‍ മുന്നിലുള്ള ട്രംപിന്റെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് മല്‍സരത്തില്‍ രണ്ടാംസ്ഥാനത്തുള്ള മാര്‍കോ റൂബിയോ. മിയാമിയില്‍ നടന്ന ടെലിവിഷന്‍ സംവാദത്തിലായിരുന്നു വാക്‌പോര്.
ഇസ്‌ലാമിക വിശ്വാസികള്‍ യുഎസിനെ വെറുക്കുന്നുവെന്ന ട്രംപിന്റെ പ്രസ്താവനയാണ് വിവാദമായത്. ചില ഇസ്‌ലാമിക വിശ്വാസികള്‍ മൗലിക വാദികളാണെന്നും എന്നാല്‍, യുഎസ് എന്ന പേരില്‍ അഭിമാനം കൊള്ളുന്ന മുസ്‌ലിംകളും രാജ്യത്തുണ്ടെന്നുമായിരുന്നു പ്രസ്താവനയോടുള്ള റൂബിയോയുടെ പ്രതികരണം. തനിക്കെന്താണോ വേണ്ടത് അതിനുവേണ്ടി വാശി പിടിക്കാന്‍ പ്രസിഡന്റിന് അവകാശമില്ല. അത് പ്രതികൂലമായി ബാധിക്കൂം. രാഷ്ട്രത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്- അദ്ദേഹം പറഞ്ഞു. ട്രംപിനും റൂബിയോക്കും പുറമെ ടെക്‌സാസില്‍ നിന്നുള്ള ടെഡ് ക്രൂസ്, ഒഹിയോയില്‍ നിന്നുള്ള ജോണ്‍ കാസിച്ച് എന്നിവരാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ മല്‍സരരംഗത്തുള്ളത്.
താന്‍ പ്രസിഡന്റാവുകയാണെങ്കില്‍ രാജ്യത്തെ മുസ്‌ലിംകളെ നാടുകടത്തുമെന്ന് നവംബറില്‍ ട്രംപ് നടത്തിയ പ്രസ്താവന വിവാദമായി. മറ്റു സ്ഥാനാര്‍ഥികളെല്ലാം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
രാജ്യത്തെ നിരപരാധികളായ പൗരന്മാരെ ലക്ഷ്യം വയ്ക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് ടെഡ് ക്രൂസ് വ്യക്തമാക്കി. ഫ്‌ളോറിഡയും ഒഹിയോയും ഉള്‍പ്പെടെ അഞ്ചു സുപ്രധാന സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കും. തന്റെ സംസ്ഥാനമായ ഫ്‌ളോറിഡയില്‍ റൂബിയോക്ക് ഇത് ജീവന്‍ മരണപോരാട്ടമായിരിക്കും.
Next Story

RELATED STORIES

Share it