thrissur local

ടോറസ് ലോറി മോഷ്ടിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍



തൃശൂര്‍: മണ്ണുത്തി ദേശിയപാതയില്‍ നിറുത്തിയിട്ടിരുന്ന 10 ലക്ഷം വിലമതിക്കുന്ന ടോറസ് ലോറി മോഷ്ടിച്ചു കൊണ്ടുപോയ കേസിലെ പ്രതികളെ ഷാഡോ പോലിസ് പിടികൂടി. തമിഴ്‌നാട് കോയമ്പത്തൂര്‍ മരപ്പാലം സ്വദേശികളായ ആഷിക്(22), സുഹൃത്ത് റഫീക്ക്(അബു-26) എന്നിവരാണ് അറസ്റ്റിലായത്. മേയ് 17ന് രാത്രിയിലാണ് സംഭവം. പട്ടിക്കാട് സ്വദേശി കൊറ്റിക്കല്‍ വീട്ടില്‍ രഘുവിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് മോഷ്ടിച്ചത്. തൃശൂര്‍-പാലക്കാട് ദേശിയപാതയില്‍ പണി നടക്കുന്നതിനാല്‍ വീട്ടിലേക്ക് കയറ്റി നിറുത്താന്‍ സാധിക്കാത്തതിനാല്‍ പട്ടിക്കാട് ദേശിയപാതയോരത്ത് നിറുത്തിയിട്ടിരുന്ന ലോറിയാണ് മോഷ്ടിച്ചത്. മോഷണം പോയ ലോറി കോയമ്പത്തൂരില്‍ ഒളിപ്പിച്ച നിയില്‍ കണ്ടെത്തിയിരുന്നു. ശേഷം മോഷ്ടാക്കളെ പിടികൂടുന്നതിനായി ദിവസങ്ങളോളം ഷാഡോ പോലിസ് ലോറിതൊഴിലാളികളുടെ വേഷത്തില്‍ ലോറിയുടെ പരിസരങ്ങളില്‍ നിന്നിരുന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ സാധിച്ചില്ല. തമിഴ്‌നാട് കേന്ദ്രീകരിച്ച് വാഹനമോഷണങ്ങള്‍ നടത്തുന്ന ആളുകളെ കുറിച്ച് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതികള്‍ അറസ്റ്റിലായത്. 30ഓളം വാഹനമോഷ്ടാക്കളെ കുറിച്ചും കേരളത്തിലേയും തമിഴ്‌നാട്ടിലേയും ജയിലുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുമാണ് അന്വേഷണം നടത്തിയത്. തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ടി നാരായണന്റെ നേതൃത്വത്തില്‍ പീച്ചി എസ്‌ഐ ഇ ബാബു, ഷാഡോ പോലിസ് അംഗങ്ങളായ എസ്‌ഐമാരായ പി എം റാഫി, എന്‍ ജി സുവ്രതകുമാര്‍, സീനിയര്‍ സിപിഒമാരായ ടി വി ജീവന്‍, പി കെ പഴനിസ്വാമി, എം എസ് ലിഗേഷ്, കെ ബി വിപിന്‍ദാസ്, പീച്ചി സ്റ്റേഷനിലെ എഎസ്‌ഐ ജയനാരായണന്‍, സിപിഒ ശ്രീകുമാര്‍ എന്നിവരടങ്ങുന്ന പോലിസ് സംഘമാണ് കേസന്വേഷണം നടത്തി പിടികൂടിയത്.
Next Story

RELATED STORIES

Share it