സീറ്റുകളുടെ എണ്ണം: സിപിഎം രണ്ടാംഘട്ട കണക്കെടുപ്പ് ആരംഭിച്ചു

ടോമി മാത്യു 

കൊച്ചി: മുന്നണി സ്ഥാനാര്‍ഥിക്ക് ലഭിച്ചേക്കാവുന്ന വോട്ടുകളുടെ എണ്ണം സംബന്ധിച്ച് സിപിഎം രണ്ടാംഘട്ട കണക്കെടുപ്പ് തുടങ്ങി. ഈ മാസം 15നകം കൃത്യമായ കണക്ക് സംസ്ഥാന കമ്മിറ്റിക്ക് കൈമാറണമെന്ന് മണ്ഡലം സെക്രട്ടറിമാര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒരോ രാഷ്ട്രീയപ്പാര്‍ട്ടിക്കും ലഭിച്ചേക്കാവുന്ന വോട്ടുകള്‍, എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ്, ക്രിസ്ത്യന്‍-മുസ്‌ലിം സമുദായങ്ങളുടെ വോട്ടുകള്‍, സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ എന്നിവ ബൂത്തുതലത്തില്‍ വേര്‍തിരിച്ച് നിശ്ചിത ഫോറത്തില്‍ നല്‍കണമെന്നാണ് നിര്‍ദേശം.
ഇതിനായി ഒരോ മണ്ഡലം കമ്മിറ്റിക്കും ഫോറങ്ങള്‍ കൈമാറിയിട്ടുണ്ട്. 15നുശേഷം ചേരുന്ന സംസ്ഥാന സെക്രേട്ടറിയറ്റും കമ്മിറ്റിയും റിപോര്‍ട്ട് ചര്‍ച്ചചെയ്ത് എല്‍ഡിഎഫ് പിന്നാക്കം നില്‍ക്കുന്ന മണ്ഡലങ്ങളില്‍ മുന്നിലെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. മുന്നില്‍ നില്‍ക്കുന്ന മണ്ഡലങ്ങളില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും.
നവമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം കൂടുതല്‍ ശക്തമാക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. യുവാക്കളെയും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരെയും ലക്ഷ്യമിട്ടാണ് പാര്‍ട്ടി ഇത്തരത്തിലുള്ള നടപടി ആരംഭിച്ചിരിക്കുന്നത്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകളെയാണ് ഇതിനായി പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരോ മണ്ഡലത്തിലും ബൂത്ത് അടിസ്ഥാനത്തില്‍ മൂന്നംഗ സമിതി കണക്കെടുപ്പ് നടത്തും.
ഓരോ സ്ഥാനാര്‍ഥിക്കും വേണ്ടി പ്രത്യേക ഫേസ്ബുക്ക് പേജ് ആരംഭിച്ച് അവരുടെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കും. പുതുതലമുറയിലെ യുവതീയുവാക്കളുടെ വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമാക്കുകയാണ് ലക്ഷ്യം.
Next Story

RELATED STORIES

Share it