palakkad local

ടോപ് ടെന്‍ കിം കി ഡുക് ഫിലിം ഫെസ്റ്റിവല്‍; 'ദി ബോ' വലിഞ്ഞുമുറുകിയ വില്ലിന്റെ ഗീതം

പാലക്കാട് : ടോപ് ടെന്‍ ഫിലിം ഫെസ്റ്റിന്റെ രണ്ടാം ദിനം സിനിമാ ആസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭവം പകര്‍ന്നു നല്‍കി കിംകി ഡൂക്കിന്റെ ദി ബോ പ്രദര്‍ശിപ്പിച്ചു. ഒരു വൃദ്ധനും അയാള്‍ വളര്‍ത്തുന്ന 16 വയസുകാരിയായ പെണ്‍കുട്ടിയും തമ്മിലുള്ള ഹൃദയ ബന്ധത്തിന്റെ കഥയാണ് ദ ബോ. ഏതോ കടലില്‍ കിടക്കുന്ന രണ്ട് പഴഞ്ചന്‍ ബോട്ടുകള്‍. ആറാം വയസ്സുതൊട്ട് അവള്‍ വൃദ്ധനൊപ്പമുണ്ട്.
അവള്‍ക്ക് പതിനേഴ് തികയുന്ന ദിവസം അവളെ വിവാഹം കഴിക്കുന്നതും പ്രത്യാശിച്ച് കഴിയുകയാണ് അയാള്‍. പുറത്തുള്ളവര്‍ക്ക് ചൂണ്ടയിടാന്‍ ബോട്ടില്‍ സൗകര്യം ചെയ്തുകൊടുത്താണ് അവര്‍ ജീവിക്കുന്നത് കൂട്ടത്തില്‍ ഭാവി പ്രവചനവും. വിവാഹത്തിനാവശ്യമായ ഒരുക്കങ്ങള്‍ നടത്തുന്നതിനിടയ്ക്ക് ഒരു ചെറുപ്പക്കാരന്‍ വരുന്നു . യുവാവിന്റെയും പെ ണ്‍കുട്ടിയുടെയും ആഹ്ലാദ പ്രകടനങ്ങളില്‍ അയാള്‍ ഇടപെടുന്നു. അവള്‍ പല സന്ദര്‍ഭങ്ങളിലും ധിക്കാരം കാട്ടിക്കൊണ്ട് വൃദ്ധന് തന്റെ വഴിയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുണ്ട്. യുവാവ് പെണ്‍കുട്ടിയുമായി സ്ഥലം വിടാനൊരുങ്ങുമ്പോള്‍ വൃദ്ധന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ഇതോടെ പെണ്‍കുട്ടിയുടെ മനസ്സ് മാറുകയാണ്. അവള്‍ അയാളെ സാന്ത്വനിപ്പിക്കുന്നു. ചെറുപ്പക്കാരനെ സാക്ഷി നിര്‍ത്തി അവര്‍ വിവാഹിതരാവുന്നു. മോചനം ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ മനസ്സ് മനസിലാക്കിയ അയാള്‍ പെണ്‍കുട്ടി ബോട്ടില്‍ മയങ്ങിക്കിടക്കവേ കടലിന്റെ അഗാധതയിലേക്ക് ചാടി അപ്രത്യക്ഷനാകുന്നു. പെണ്‍കുട്ടിയും യുവാവും പുതിയലോകത്തേക്ക് യാത്ര തിരിക്കുമ്പോള്‍ എല്ലാറ്റിനും സാക്ഷിയായി നിന്ന വൃദ്ധന്റെ ബോട്ട് അത്താണി നഷ്ടപ്പെട്ട് കടലില്‍ മുങ്ങിത്താഴുകയാണ്. പേരില്ലാത്ത കഥാപാത്രങ്ങളെ ഇണക്കിചേര്‍ത്ത് ഒരു വൈകാരിക ലോകം കാഴ്ചകാരന് സമ്മാനിക്കുന്നു സിനിമ.
ശത്രുവിനുനേരെ എയ്യേണ്ട അമ്പ് വൃദ്ധന്‍ ആകാശത്തേക്ക് തൊടുത്തുവിടുകയാണ് അവസാനദൃശ്യത്തില്‍. ആ അമ്പ് വിദൂരതയില്‍ മായുമ്പോള്‍ അയാള്‍ വ്യാമോഹങ്ങളില്‍നിന്ന് മുക്തനാവുകയാണ്. ചലചിത്രമേളയുടെ രണ്ടാം ദിനത്തില്‍ കോളജ് വിദ്യാര്‍ഥികളും സിനിമാ പ്രവര്‍ത്തകരും ഉള്‍പെടെ നിരവധി ആളുകളുടെ പങ്കാളിത്തത്താല്‍ ശ്രദ്ദേയമായി.
Next Story

RELATED STORIES

Share it