ടൈറ്റാനിയം: വിജിലന്‍സിന് വിഎസ് കത്തയച്ചു

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ ഹൈക്കോടതിയില്‍ നിലനിന്ന സ്റ്റേ നീക്കിയ സാഹചര്യത്തില്‍ ഒന്നാംപ്രതിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റു പ്രതികളായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഉടന്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിക്ക് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കത്തയച്ചു. ടൈറ്റാനിയം അഴിമതിക്കേസില്‍ പ്രതികളായവരെ നിലവിലുള്ള എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തി കേസ് അന്വേഷിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവായതാണ്.
ഇതിനെതിരേ മുന്‍ വ്യവസായ സെക്രട്ടറിയായിരുന്ന ടി ബാലകൃഷ്ണന്‍ നല്‍കിയ ഹരജിയും മൂന്നാംപ്രതിയായ സന്തോഷ് നല്‍കിയ സ്‌റ്റേ ഹരജിയും ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എല്ലാ പ്രതികള്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള ചുമതല വിജിലന്‍സ് ഡയറക്ടര്‍ക്കാണ്. എന്നാല്‍, ഹൈക്കോടതി ഉത്തരവു വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തിയായ ശങ്കര്‍ റെഡ്ഡി ഇതേവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവു നല്‍കിയിട്ടില്ല.
165.98 കോടി പാഴായെന്ന് വിജിലന്‍സ് ഓഡിറ്റ് വിങ് കണ്ടെത്തിയിട്ടും തന്റെ യജമാനന്‍മാരായ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും രക്ഷിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ തത്രപ്പെടുന്നത്. ഈ നിലപാട് തന്റെ പദവിയോടു കാണിക്കുന്ന അനാദരവും നീതിബോധമില്ലായ്മയുമാണെന്ന് വിഎസ് കത്തില്‍ ഓര്‍മപ്പെടുത്തി. ഇക്കാര്യത്തില്‍ ഉടന്‍ അന്വേഷണം ആരംഭിക്കുന്നില്ലെങ്കില്‍ കോടതിയലക്ഷ്യം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി കോടതിയെ സമീപിക്കുമെന്നും വിഎസ് അറിയിച്ചു.
Next Story

RELATED STORIES

Share it