ടൈം മാസിക മെറഡിത്ത് കോര്‍പറേഷന്‍ വിറ്റു

വാഷിങ്ടണ്‍: വിഖ്യാത വാര്‍ത്താമാസിക 'ടൈം' 190 ദശലക്ഷം ഡോളറിന് (ഏകദേശം 1300 കോടി രൂപ) മെറഡിത്ത് കോര്‍പറേഷന്‍ വിറ്റു. ക്ലൗഡ് കംപ്യൂട്ടിങ് വെബ്‌സൈറ്റായ സെയില്‍സ്‌ഫോഴ്‌സ് ഡോട്ട് കോം മേധാവിയും സഹസ്ഥാപകനുമായ മാര്‍ക്ക് ബെനിയോഫും ഭാര്യ ലിന്നുമാണ് ടൈമിന്റെ പുതിയ ഉടമകള്‍. ടൈമും അനുബന്ധ പ്രസിദ്ധീകരണങ്ങളും ഈ വര്‍ഷം ആദ്യമാണ് മെറഡിത്ത് കോര്‍പറേഷന്‍ ഏറ്റെടുത്തത്.
സുഹൃത്തുക്കളായിരുന്ന ഹെന്റി യൂസും ബ്രിട്ടന്‍ ഹാഡനും ചേര്‍ന്ന് 1923ലാണ് ടൈം മാസിക തുടങ്ങുന്നത്. ഇരുവരും യേല്‍ സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടിയവരായിരുന്നു.
മാര്‍ക്ക് ബെനിയോഫും ഭാര്യയും വ്യക്തിപരമായാണ് സ്ഥാപനം സ്വന്തമാക്കിയത്. ഇടപാടുമായി ബന്ധപ്പെട്ട് സെയില്‍സ്‌ഫോഴ്‌സ് ഡോട്ട് കോമിന് ബന്ധമില്ലെന്ന് കമ്പനി ഞായറാഴ്ച അറിയിച്ചിട്ടുണ്ട്. അതേസമയം, പുതിയ ഉടമകള്‍ മാസികയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലോ പത്രപ്രവര്‍ത്തകരുടെ തീരുമാനങ്ങളിലോ ഇടപെടില്ലെന്ന് വില്‍പന വിവരം പങ്കുവച്ചുകൊണ്ട് മെറഡിത്ത് കോര്‍പറേഷന്‍ അറിയിച്ചു. വില്‍പന, പരസ്യവരുമാനം എന്നീ മേഖലകളില്‍ കുറച്ചുകാലമായി ടൈം നഷ്ടത്തിലാണ്.
പീപ്പിള്‍, ബെറ്റര്‍ഹോംസ് ആന്റ് ഗാര്‍ഡന്‍സ് ഉള്‍പ്പെടെ നാല് മാസികകള്‍ വില്‍ക്കാന്‍ പോവുന്നതായി മെറഡിത്ത് കോര്‍പറേഷന്‍ കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. കമ്പനിക്കു കീഴിലുള്ള ഫോര്‍ച്യൂണ്‍, മണി, സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് എന്നീ പ്രസിദ്ധീകരണങ്ങളുടെ വില്‍പന നടപടികളും പുരോഗമിക്കുകയാണ്. 30 ദിവസത്തിനുള്ളില്‍ വില്‍പന നടപടികള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് കമ്പനി.
മാധ്യമസ്ഥാപനങ്ങളെ ടെക് കമ്പനികള്‍ ഏറ്റെടുക്കുന്നത് ഇതാദ്യമല്ല. നേരത്തേ വാഷിങ്ടണ്‍ പോസ്റ്റിനെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ ഏറ്റെടുത്തിരുന്നു.

Next Story

RELATED STORIES

Share it