Flash News

ടൈംസ് നൗ ചാനലിനെതിരേ പോപുലര്‍ ഫ്രണ്ട് പരാതി നല്‍കി



ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നു രഹസ്യസ്വഭാവമുള്ള രേഖകള്‍ ചോര്‍ത്തുകയും സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ടൈംസ് നൗ ചാനലിനെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പോലിസില്‍ പരാതി നല്‍കി. ചാനലിനു പുറമേ, എഡിറ്റര്‍മാര്‍, റിപോര്‍ട്ടര്‍, അനുബന്ധ ജീവനക്കാര്‍, ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേയാണ് പരാതി. രണ്ടു മാസം മുമ്പ് സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന നിലയില്‍ ടൈംസ് നൗ ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പോപുലര്‍ ഫ്രണ്ട് ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് പര്‍വേസ് അഹ്മദ് ന്യൂഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. സര്‍ക്കാരിന്റെ രഹസ്യ രേഖകള്‍ ചാനല്‍ ചര്‍ച്ചയിലൂടെ പുറത്തുവിടുകയായിരുന്നു. 2017 ആഗസ്ത് 31നു രാത്രി 10നു സംപ്രേഷണം ചെയ്ത ന്യൂസ് അവര്‍ പരിപാടിയില്‍ മുതിര്‍ന്ന എഡിറ്റര്‍ ആനന്ദ് നരസിംഹന്‍ രേഖകളെക്കുറിച്ച് പറയുമ്പോള്‍, അതീവ രഹസ്യ രേഖകള്‍, വിവാദ രേഖകള്‍ തുടങ്ങിയ അടിക്കുറിപ്പുകളോടെ ഇതിന്റെ ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ കാണിക്കുന്നുണ്ടായിരുന്നു. പരിപാടിയുടെ അവതാരകനും ചീഫ് എഡിറ്ററുമായ രാഹുല്‍ ശിവശങ്കറും ചര്‍ച്ച പുരോഗമിക്കുന്നതിനിടയില്‍ കൂടുതല്‍ രഹസ്യ രേഖകള്‍ തന്റെ കൈവശമുള്ളതായി വ്യക്തമാക്കി. ഇതിനു പുറമേ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ഐഎയില്‍ നിന്നും പോപുലര്‍ ഫ്രണ്ടിനെ കുറിച്ചുള്ള റിപോര്‍ട്ട് തേടി, പിഎഫ്‌ഐയെ കുറിച്ചുള്ള കേസിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന എന്‍ഐഎ രേഖകള്‍, പോപുലര്‍ ഫ്രണ്ടിനെ കുറിച്ചുള്ള എന്‍ഐഎ റിപോര്‍ട്ട് ലഭ്യമായി തുടങ്ങിയ വിവരങ്ങളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. 2017 സപ്തംബര്‍ 27നു വൈകീട്ട് 8ന് ഇന്ത്യ അപ്ഫ്രണ്ട് എന്ന പേരില്‍ സംപ്രേഷണം ചെയ്ത പരിപാടിയിലും രാഹുല്‍ ശിവശങ്കര്‍ രേഖകള്‍ പ്രദര്‍ശിപ്പിച്ചു. നികുഞ്ച് ഗാര്‍ഗ് എന്ന ലേഖകനാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നതെന്നു പറഞ്ഞ രാഹുല്‍ ശിവശങ്കര്‍, ദിവസങ്ങള്‍ക്കുള്ളില്‍ പോപുലര്‍ ഫ്രണ്ട് നിരോധിക്കപ്പെടുമെന്നും അതിന്റെ രേഖകളാണ് തന്റെ കൈയിലുള്ളതെന്നും പ്രേക്ഷകര്‍ക്കായി അത് പുറത്തുവിടുകയാണെന്നും കൂട്ടിച്ചേര്‍ത്തു. കേരള പോലിസ്, എന്‍ഫോഴ്‌സ്‌മെന്റ്, രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ തന്റെ കൈവശമുള്ള എന്‍ഐഎ രേഖയില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളതായി റിപോര്‍ട്ടര്‍ നികുഞ്ച് പറഞ്ഞു. ട്രൈബ്യൂണലിന് ഇതു കൈമാറുമെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരോധനം ഉണ്ടാവുമെന്നും നികുഞ്ച് കൂട്ടിച്ചേര്‍ത്തു. ഇത് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഇന്നു ലഭിച്ച രേഖകളില്‍ ഉള്ളതാണെന്നും റിപോര്‍ട്ടര്‍ വ്യക്തമാക്കിയിരുന്നു. എന്‍ഐഎ അടക്കമുള്ള ഏത് ഏജന്‍സികളുടെ അന്വേഷണത്തെ നേരിടാനും ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനും തയ്യാറാണെന്ന് മുഹമ്മദ് പര്‍വേസ് അഹ്മദ് പറഞ്ഞു.
Next Story

RELATED STORIES

Share it