ടെസ്റ്റ്; രക്ഷകനായി രഹാനെ

ന്യൂഡല്‍ഹി: അജിന്‍ക്യ രഹാനെ രക്ഷകനായപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക്. ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റിനു 231 റണ്‍സെന്ന നിലയിലാണ്. പുറത്താവാതെ 89 റണ്‍സുമായി നില്‍ക്കുന്ന രഹാനെയാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്. 155 പന്തുകള്‍ നേരിട്ട താരം ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറും നേടി. രഹാനെയ്‌ക്കൊപ്പം ആറു റണ്‍സോടെ ആര്‍ അശ്വിനാണ് ക്രീസിസുള്ളത്.മുരളി വിജയ് (12), ശിഖര്‍ ധവാന്‍ (33), ചേതേശ്വര്‍ പുജാര (14), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (44), രോഹിത് ശര്‍മ (1), വൃധിമാ ന്‍ സാഹ (1), രവീന്ദ്ര ജഡേജ (24) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. നാലു വിക്കറ്റ് പിഴുത ഡെയ്ന്‍ പിയെഡെറ്റും മൂന്നു വിക്കറ്റ് നേടിയ കെയ്ല്‍ അബോട്ടുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാശംവിതച്ചത്. ടോസിനുശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കു ടീം സ്‌കോര്‍ 66 ആയപ്പോഴേക്കും മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. നാലാം വിക്കറ്റില്‍ കോഹ്‌ലി-രഹാനെ ജോടി 70 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ കരകയറ്റി. എന്നാല്‍ കോഹ്‌ലിയുടെ പുറത്താവല്‍ ഇന്ത്യക്കു തിരിച്ചടിയായി. 62 പന്തില്‍ ഏഴു ബൗണ്ടറികളോടെ 44 റണ്‍സെടുത്ത കോഹ്‌ലിയെ പിയെഡെറ്റിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ വിലാസ് പിടികൂടുകയായിരുന്നു.മൂന്നിന് 135 എന്ന നിലയില്‍ നിന്ന് ഇന്ത്യ ആറിന് 139ലേക്ക് കൂപ്പുകുത്തി. രഹാനെ-ജഡേജ ജോടിയാണ് ഇന്ത്യയെ 200 കടത്താന്‍ സഹായിച്ചത്. ഏഴാം വിക്കറ്റില്‍ ഈ സഖ്യം 59 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ജഡേജയുടെ വിക്കറ്റാണ് ഇന്ത്യക്ക് അവസാനമായി നഷ്ടമായത്. 59 പന്തി ല്‍ മൂന്നു ബൗണ്ടറിയോടെ 24 റണ്‍സെടുത്ത ജഡേജയെ അബോട്ടിന്റെ ബൗളിങില്‍ എല്‍ഗര്‍ പിടികൂടി.അതേസമയം, ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗിനെ മല്‍സരത്തിനു മുമ്പ് ബിസിസിഐ ആദരിച്ചു. ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കുറാണ് വെള്ളിയില്‍ തീ ര്‍ത്ത ഫലകം സെവാഗിനു സമ്മാനിച്ചത്. ഇതോടൊപ്പം സെവാഗിന്റെ രണ്ടു ട്രിപ്പിള്‍ ടെസ്റ്റ് സെഞ്ച്വറികളോടുള്ള ആദരസൂചകമായി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലെ രണ്ടു ഭാഗങ്ങള്‍ക്ക് വീരു 319, വീരു 309 എന്നിങ്ങനെ പേരിടാനും ബിസിസിഐ തീരുമാനിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 20നാണ് സെവാഗ് ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it