ടെലിമെഡിസിന്‍ പദ്ധതി ലക്ഷ്യം കണ്ടില്ല

സി എ  സജീവന്‍
തൊടുപുഴ: സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ ചികില്‍സ ലഭ്യമാക്കാനുള്ള ടെലി മെഡിസിന്‍ പദ്ധതി ലക്ഷ്യം കണ്ടില്ല. സംസ്ഥാനത്ത് 2016ലാണു പദ്ധതി തുടങ്ങിയത്. എന്നാല്‍, തികച്ചും നൂതനമായ ചികില്‍സാ സംവിധാനത്തെക്കുറിച്ച് ആളുകള്‍ക്ക് വേണ്ടത്ര അറിവില്ലാത്തതും പരമ്പരാഗത ചികില്‍സാരീതികള്‍ കൈവിടാനുള്ള സ്വാഭാവിക വിമുഖതയും പദ്ധതിക്ക് വിനയായി. അതിനെ മറികടക്കാനുള്ള പ്രചാരണപരിപാടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതുമില്ല. ഇപ്പോള്‍ അക്ഷയ മുഖേന ഇത്തരമൊരു പ്രൊജക്റ്റ് ഉണ്ടായിരുന്നതായി അതിന്റെ തലപ്പത്തുള്ളവര്‍ക്കുപോലും അറിയാത്ത സ്ഥിതിയാണ്.
ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ വിദഗ്ധ ഡോക്ടര്‍മാരുമായി രോഗവിവരം പങ്കുവച്ച് ശസ്ത്രക്രിയ ഒഴികെയുള്ള ചികില്‍സാസേവനങ്ങള്‍ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. അപ്പോളോ ആശുപത്രിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമീണ ജനങ്ങള്‍ക്ക് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ചികില്‍സ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പോവാതെ ലഭിക്കുമെന്നതായിരുന്നു ടെലിമെഡിസിന്‍ പദ്ധതിയുടെ സവിശേഷത.
അക്ഷയ സെന്ററില്‍ 100 രൂപ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ചികില്‍സ ലഭ്യമായിരുന്നത്. വീഡിയോ സംവിധാനത്തിലൂടെ ഡോക്ടര്‍മാരുമായി രോഗവിവരം സംസാരിക്കാം. ലാബ് പരിശോധനാ റിപോര്‍ട്ടുകള്‍ കംപ്യൂട്ടര്‍ സഹായത്തോടെ അക്ഷയ സെന്ററുകള്‍ ഡോക്ടര്‍ക്കു മുന്നിലെത്തിക്കണം. ഡോക്ടറുടെ ചികില്‍സാവിധികളും കഴിക്കേണ്ട മരുന്നുവിവരങ്ങളും അടങ്ങിയ റിപോര്‍ട്ടിന്റെ പ്രിന്റ് അപ്പോള്‍ തന്നെ അക്ഷയയില്‍ നിന്ന് രോഗികള്‍ക്കു ലഭിക്കും- ഇതായിരുന്നു ടെലിമെഡിസിന്‍ ചികില്‍സാരീതി. താരതമ്യേന വളരെ വിലകുറഞ്ഞ മരുന്നുകളായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതെന്ന് പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നവര്‍ പറയുന്നു.
3500ലേറെ വരുന്ന അക്ഷയ സെന്ററുകളിലെല്ലാം ഇത്തരം ചികില്‍സ ലഭ്യമാക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍, എങ്ങുമെത്താതെ പദ്ധതി നിലച്ചു. തുടക്കത്തില്‍ ഇടുക്കിയിലും മലപ്പുറത്തും പദ്ധതിക്ക് ഏറെ ഗുണഭോക്താക്കളെ കിട്ടിയിരു ന്നു. വണ്ണപ്പുറം, നെടുങ്കണ്ടം, ഇടമലക്കുടി എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളെയായിരുന്നു ഇടുക്കിയില്‍ ടെലിമെഡിസിന്‍ പദ്ധതിക്കായി തിരഞ്ഞെടുത്തിരുന്നത്. ഇപ്പോള്‍ ഒരിടത്തും ഈ സേവനം തേടി ആരും എത്തുന്നില്ല. അതുകൊണ്ടുതന്നെ പദ്ധതിക്കും സ്വാഭാവിക അന്ത്യമായി.
Next Story

RELATED STORIES

Share it