ടെമ്പോവാന്‍ കടയിലേക്ക്  പാഞ്ഞുകയറി യുവാവ് മരിച്ചു

കഴക്കൂട്ടം: വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ടെമ്പോവാന്‍ കടയിലേക്കു പാഞ്ഞ്കയറി യുവാവ് മരിച്ചു. സ്ത്രീകളടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരം. കണിയാപുരം സിംഗപ്പൂര്‍മുക്ക് ചിറ്റൂര്‍പറമ്പില്‍ വീട്ടില്‍ ആഷിഖ് (22) ആണ് മരിച്ചത്. കുളത്തൂര്‍ ആറ്റിന്‍കുഴി സ്വദേശി സുബൈര്‍ കുഞ്ഞ് (70), സിംഗപ്പൂര്‍മുക്കില്‍ നിസാന ഫാസ്റ്റ്ഫുഡ് നടത്തുന്ന നൗഷാദിന്റെ മകന്‍ നസിം(19), സിംഗപ്പൂര്‍മുക്ക് സ്വദേശി അബൂബക്കറിന്റെ മകന്‍ അന്‍സര്‍ (20), കരിച്ചാറ സ്വദേശി നിസാര്‍ വാനിലുണ്ടായ 3 സ്ത്രീകള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സുബൈര്‍കുഞ്ഞിനാണ് ഗുരുതരമായി പരിക്കേറ്റത്.
നസീമിന്റെ കാലിന് പൊട്ടലുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരമണിയോടെ സിംഗപ്പൂര്‍മുക്കിലായിരുന്നു അപകടം. പരിക്കേറ്റ നസീമിന്റെ പിതാവ് നൗഷാദ് നടത്തുന്ന നിസാന ഫാസ്റ്റ്ഫുഡ് കടയിലേക്ക് വിവാഹപാര്‍ട്ടിയുമായി കഴക്കൂട്ടത്തുനിന്ന് പെരുങ്കുഴിയിലേക്ക് വന്ന ടെമ്പോവാന്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഈ സമയത്ത് ആഷിഖ് കടയില്‍ ഇരിക്കുകയും സുബൈര്‍കുഞ്ഞ് സൈക്കിളുമായി കടയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്നു. മറ്റുള്ളവര്‍ സമീപത്തുണ്ടായിരുന്നു.
അമിതവേഗതയില്‍ പാഞ്ഞെത്തിയ ടെമ്പോവാന്‍ ആദ്യം സുബൈര്‍ കുഞ്ഞിനെയും മൈല്‍കുറ്റിയിലും ബദാം മരത്തിലും ഇടിച്ച ശേഷം ആഷിഖിന്റെ ദേഹത്തുകൂടി കയറിയിറങ്ങിയാണ് നിന്നത്. ഓടിക്കൂടിയ നാട്ടുകാര്‍ വാഹനത്തിനടിയില്‍പ്പെട്ട ആഷിഖിനെ പുറത്തെടുത്ത് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടം നടന്നയുടന്‍ ടെമ്പോവാന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പോളിടെക്‌നിക് പഠിച്ച ആഷിഖ് കെല്‍ട്രോണില്‍ അപ്രന്റീസ് ട്രെയിനിങ് പൂര്‍ത്തിയാക്കി നില്‍ക്കുകയായിരുന്നു. പിതാവ് അഷ്‌റഫ് ബേക്കറി വാഹനത്തിന്റെ ഡ്രൈവറാണ്. മാജിതയാണ് മാതാവ്. മുഹമ്മദ് റാഫി ഏക സഹോദരനാണ്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it