ടെന്‍ഡര്‍ തുക കുറഞ്ഞു: കരാറെടുക്കാന്‍ ആളില്ല; കര്‍ഷകര്‍ ദുരിതത്തില്‍

അശോകന്‍ നിര്‍ച്ചാല്‍
ബദിയടുക്ക: ടെന്‍ഡര്‍ തുക കുറഞ്ഞതിനാല്‍ പ്രവൃത്തിയുടെ കരാറെടുക്കാനാളില്ല.തടയണയിലെ വെള്ളം ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍. ഷിറിയ പുഴയിലെ  ദേരടുക്ക അണക്കെട്ടില്‍ നിന്നും ചാലിലൂടെ ഒഴുക്കി വിടുന്ന വെള്ളം ഇതുവരേയും തുറന്ന് വിടാത്തതാണ് കര്‍ഷകര്‍ ദുരിതത്തിലായത്.
ചെറുകിട ജലസേചന വകുപ്പ് ടെന്‍ഡര്‍ നല്‍കിയാണ് വര്‍ഷം തോറും ചാലുകള്‍ വൃത്തിയാക്കി വെള്ളം  ഒഴുക്കി വിടുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇത് പ്രകാരം ഈ വര്‍ഷം 3.40 ലക്ഷം രൂപയ്ക്കാണ് ടെന്‍ഡര്‍ ക്ഷണിച്ചത്.കഴിഞ്ഞ വര്‍ഷം6.40 ലക്ഷം രൂപയ്ക്ക് നല്‍കിയ ടെന്‍ഡറാണ് ഈ പ്രാവശ്യം പകുതിയായി കുറച്ചത്.
15കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള ചാലില്‍ ജലം ഒഴുകുന്നതിന് തടസ്സം നില്‍ക്കുന്ന മരങ്ങള്‍,ചില്ലകള്‍,മണ്ണ് എന്നിവ നീക്കം ചെയ്യുന്നതിനു  മൂന്നു ലക്ഷം രൂപ തികയാത്തതാണ് കരാറെടുക്കാന്‍ ആളെ കിട്ടാത്തതിനു കാരണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. നെല്‍കൃഷിക്ക് സമയ ബന്ധിതമായി ജലസേചനം നടക്കാത്തതിനാല്‍ കര്‍ഷകര്‍ ആശങ്കയിലാണ്. സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ്ചാലിലൂടെ വര്‍ഷം തോറും വെള്ളം ഒഴുക്കി വിടുന്നത്.പുത്തിഗെ പഞ്ചായത്തിലെ മൂന്ന്, നാല്, പതിമൂന്ന്, പതിനാല് വാ ര്‍ഡുകളില്‍പ്പെടുന്ന 15 കി.മീറ്ററില്‍ 500 ഏക്കര്‍ സ്ഥലത്തെ നെല്‍കര്‍ഷകര്‍ ഷിറിയ പുഴയില്‍ നിന്നും ചാലിലൂടെ ഒഴുകിയെത്തുന്ന ജലത്തെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്.
1951 ലാണ് ഇത് പണിതത്. ആയിരം ഏക്കറോളം വരുന്ന തെങ്ങ്, കവുങ്ങ് കര്‍ഷകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നു. ജലസേചനത്തിന് ജല സൗകര്യമൊരുക്കാത്തതിനെതിരെ സമരത്തിനൊരുങ്ങുകയാണ് കര്‍ഷകര്‍.
Next Story

RELATED STORIES

Share it